ന്യൂ ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഒളിവിലായിരുന്ന ദീപ് പഞ്ചാബില്‍ നിന്നാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചെങ്കോട്ട സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 128 ആയി.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. സിദ്ദുവിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നും കര്‍ഷക നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അതേസമയം, ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ കോട്ട് വാലി സ്റ്റേഷനില്‍ എടുത്ത കേസില്‍ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു.
Comments