ബംഗളൂരു: കോവിഡ്-19 പ്രോട്ടോകോള്‍ ലംഘിച്ചതിന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പിക്കും 300ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ ബെലഗാവി പൊലീസ് കേസെടുത്തു. അനുവദനീയമായതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു, സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് ധരിച്ചില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.
കോര്പറേഷന് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പരിപാടിക്കിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് ബി.ജെ.പിക്കെതിരെ ഉവൈസി രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
എ.െഎ.എം.ഐ.എമ്മിനെ താലിബാനോട് ഉപമിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിക്ക് ഉവൈസി മറുപടി നല്കി. ‘അയാളൊരു കുട്ടിയാണ്, ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല’ എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. താലിബാനെ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ ബി.ജെ.പി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.