ചൈനീസ് ഊര്‍ജ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം
Top News

ചൈനീസ് ഊര്‍ജ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം

ചൈനയുടെ ഭാഗത്തുനിന്നും അട്ടിമറി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

By News Desk

Published on :

ന്യൂ ഡല്‍ഹി: ചൈനയുമായുള്ള ഇടപാടുകളില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഊര്‍ജ വിതരണത്തിനായുള്ള ഉപകരണങ്ങള്‍ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രി ആര്‍.കെ സിങ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇനി മുതല്‍ ചൈനീസ് ഊര്‍ജ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നടത്തരുതെന്നാണ് നിര്‍ദ്ദേശം.

അത്തരം ഇറക്കുമതികള്‍ ഇനി നടത്തിയാല്‍ ചൈനയുടെ ഭാഗത്തുനിന്നും അട്ടിമറി സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ഊര്‍ജ വിതരണ ശൃംഖല മുഴുവനായും തകരാറിലായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വൈദ്യുതി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ രാജ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിച്ചിരിക്കണം. സുരക്ഷാഭീഷണിയുള്ള ഉപകരണങ്ങളാണോ എന്ന് പരിശോധിച്ച ശേഷം ഇന്ത്യന്‍ നിലവാരത്തിലുള്ളത് ആണെന്ന് വ്യക്തമായാല്‍ മാത്രമേ ഉപകരണങ്ങള്‍ വാങ്ങാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഊര്‍ജ മന്ത്രാലയത്തിന്റെ കീഴിലുള്ള ലാബുകളില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇറക്കുമതി അനുവദിക്കൂ.

'2018-19 കാലയളവില്‍ 71,000 കോടി രൂപയുടെ ഇറക്കുമതിയാണ് ഊര്‍ജ മേഖലയില്‍ ഇന്ത്യ നടത്തിയത്. അതില്‍ 21,000 കോടിയും ചൈനയില്‍നിന്നായിരുന്നു. ഇത് ഇനിയും തുടരാന്‍ കഴിയില്ല. നമ്മുടെ രാജ്യാതിര്‍ത്തി കയ്യേറി, സൈനികരെ കൊലപ്പെടുത്തിയ രാജ്യത്തിന് നമ്മളെന്തിനാണ് തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത്?’, ആര്‍.കെ സിങ് ചോദിച്ചു.

ചൈന, പാകിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളില്‍നിന്നും ഇനിമുതല്‍ ഇറക്കുമതി വേണ്ടെന്നാണ് നമ്മുടെ തീരുമാനം. അവിടെനിന്നുള്ള ഉപകരണങ്ങളില്‍ നമ്മുടെ കംപ്യൂട്ടറുകളിലേക്ക് വൈറസ് കടത്തിവിടുകയോ അല്ലെങ്കില്‍ നമ്മുടെ വൈദ്യുത ശൃംഖലയെ നിയന്ത്രിക്കാന്‍ തക്കതായ കാര്യങ്ങളോ അവര്‍ നടത്തിയേക്കാം. ടവര്‍ ഉപകരണങ്ങള്‍, ട്രാന്‍സ്‌ഫോമറുകള്‍, മീറ്ററുകള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്നും ഇവ ഇറക്കുമതി ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com