ലോകാരോഗ്യ സംഘടനാപിന്മാറ്റം: ട്രമ്പ് ഭരണകൂട നടപടികള്‍ തുടങ്ങി
Top News

ലോകാരോഗ്യ സംഘടനാപിന്മാറ്റം: ട്രമ്പ് ഭരണകൂട നടപടികള്‍ തുടങ്ങി

ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനായുള്ള നടപടികള്‍ ട്രമ്പ് ഭരണകൂടം ആരംഭിച്ചു.

By News Desk

Published on :

ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനായുള്ള നടപടികള്‍ ട്രമ്പ്ഭരണകൂടം ആരംഭിച്ചു. ചൈനയില്‍ നിന്നാരംഭിച്ച കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് കൃത്യ സമയത്ത് മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്ന് വൈറസ് വ്യാപനത്തിന്റെ വേഗതയേറുവാനാരംഭിച്ച സാഹചര്യത്തില്‍ തന്നെ യുഎസ് പ്രസിഡന്റ് ആരോപണമുന്നയിച്ചിരുന്നു.

ചൈനയിലെ വുഹാനില്‍ ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടുവെന്നതാണ് ട്രമ്പിന്റെ ആരോപണത്തിനാധാരം. ആരോപണത്തെ തുടര്‍ന്ന് സംഘടനക്കുള്ള അമേരിക്കന്‍ വാര്‍ഷിക സാമ്പത്തിക സഹായം താല്‍ക്കാലികമായി നിറുത്തിവയ്ക്കുമെന്ന് പ്രസ്താവിക്കപ്പെട്ടു. അമേരിക്കയെ പക്ഷേ വൈറസ് വിഴുങ്ങാന്‍ തുടങ്ങയിതോടെയാകട്ടെ ട്രമ്പ് ഭരണക്കുടത്തില്‍ നിന്ന് ലോകം കേട്ടത് അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുകയാണെന്ന വാര്‍ത്തയാണ്. ഈ വാര്‍ത്ത യഥാര്‍ത്ഥവല്‍ക്കരിക്കപ്പെടുന്നതിനുള്ള നടപടികളാണീപ്പോള്‍ ട്രമ്പ് ഭരണകൂടം ആരംഭിച്ചിരിക്കുന്നതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബോബ് മെനെന്‍ഡെസാണ് ട്വിറ്ററിലൂടെയാണ് ഈ നീക്കം പ്രഖ്യാപിച്ചത്. സംഘടനയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം 2021 ജൂലൈ ആറു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടികാണിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ തുടക്കംമുതലേ പ്രസിഡന്റ് ട്രമ്പ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ചൈനയ്ക്ക് സംഘടനയ്ക്കക്കു മേല്‍ സമ്പൂര്‍ണ നിയന്ത്രണമു ണ്ടെന്നും കൊറോണ വൈറസ് മഹാമാരി വ്യാപനത്തിന്റെ തുടക്കത്തില്‍ ലോകത്തെ തെറ്റു ദ്ധരിപ്പിക്കുവാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്ക് നേരെ സംഘടന കണ്ണടച്ചുവെന്ന കടുത്ത വിമര്‍ശനവും ട്രമ്പ് ഉയര്‍ത്തിയിരുന്നു. ലോകാരോഗ്യ സംഘടന ചൈനീസ് അനുകൂല നിലപാടിലാണെന്ന ട്രമ്പിന്റെ കണ്ടെത്തലാണ് സംഘടനയില്‍ നിന്നു യുഎസ് പിന്മാറ്റത്തില്‍ പര്യവസാനിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് 450 മില്യണ്‍ ഡോളര്‍ വാര്‍ഷിക സംഭാവന. ചൈന 40 മില്യണ്‍ ഡോളര്‍. ഇനി മുതല്‍ ഈ യുഎസ് ഫണ്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും അടിയന്തിര ആഗോള പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക്കാണ് ഈ ഫണ്ട് വിതരണചെയ്യപ്പെടുകയെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.സംഘടനയില്‍ നിന്നുള്ള യുഎസ് പിന്മാറ്റ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും. നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ട്രമ്പ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഈ പിന്മാറ്റ തീരുമാനം പ്രാപല്യത്തിലെത്തുമെന്ന് കരുതുവാനേയാകില്ല.

Anweshanam
www.anweshanam.com