
തിരുവനന്തപുരം: കേരളം കോവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാഗ്രത കുറഞ്ഞാല്‍ സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്സ്), വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നില്ക്കുന്നതായാണ് ഇപ്പോള്‍ മനസിലാക്കുന്നത്.
മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സമ്ബര്‍ക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി. കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍.
ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ സ്വാഭാവികമായും വരുന്ന തളര്‍ച്ച നാം കാണേണ്ടതുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സ്വീകരിക്കുന്നു.സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിനുള്ള കാരണം നമ്മുടെ അശ്രദ്ധയാണ്." കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു