സ്വപ്നയുടെയും സന്ദീപിന്‍റെയും കോവിഡ് ഫലം നെഗറ്റീവ്; നാളെ കോടതിയിൽ ഹാജരാക്കും

ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് അങ്കമാലിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്
സ്വപ്നയുടെയും സന്ദീപിന്‍റെയും കോവിഡ് ഫലം നെഗറ്റീവ്; നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് അങ്കമാലിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

ഇതോടെ ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഉറപ്പായി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ വീണ്ടും ഹാജരാക്കാനാണ് കോടതി നിർദ്ദേശം നൽകിയത്.

ഇരുവരെയും ഇന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയിൽ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും മൂന്ന് ദിവസത്തെ റിമാൻഡിലാണു വിട്ടത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റിൽവച്ചാണ് എൻഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്.

കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും ഇന്ന് ഉച്ചയോടെ പിടിയിലായ ആളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സരിത് അന്വേഷണ സംഘത്തിന് നൽകി. സ്വർണ്ണം ആരാണ് അയക്കുന്നത്, ആർക്കാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി.

അതേസമയം സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ നിഷേധിച്ച് ഫൈസൽ ഫരീദ് രംഗത്തെത്തി. സ്വർണക്കടത്തിൽ ഒരു ബന്ധവുമില്ല. തന്റെ പേര് എൻഐഎയുടെ എഫ്ഐആറിൽ വന്നതിനെപ്പറ്റി അറിയില്ലെന്നും ഫൈസൽ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com