പത്മനാഭസ്വാമി ക്ഷേത്ര ഭരണം; സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും
Top News

പത്മനാഭസ്വാമി ക്ഷേത്ര ഭരണം; സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും

ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

By News Desk

Published on :

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച കേസില്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഒട്ടേറെ സംഘടനകളും കക്ഷികളും കേസില്‍ കക്ഷി ചേര്‍ന്നു.

എട്ട് അംഗങ്ങളുള്ള ഭരണസമിതി രൂപീകരിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരു അംഗത്തെ പദ്മാനഭ ദാസന്‍ എന്ന സ്ഥാനപ്പേരില്‍ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. 2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.

നേരത്തെ തിരുവിതാംകൂറിലെ അവസാനത്തെ രാജവിനും ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com