സിറിയ: തുർക്കി അതിർത്തികൾ തുറന്നിടുന്നതിനെതിരെ റഷ്യ
Top News

സിറിയ: തുർക്കി അതിർത്തികൾ തുറന്നിടുന്നതിനെതിരെ റഷ്യ

തുർക്കിയുടെ രണ്ടതിർത്തി കടന്ന് സിറിയക്ക് മാനുഷിക സഹായമെത്തിക്കുന്ന കരാർ അടുത്ത ആറുമാസത്തേക്ക് നീട്ടുവാനുള്ള സുരക്ഷാസമിതി നീക്കമാണ് റഷ്യയും ചൈനയും അവസാന നിമിഷത്തിൽ വീറ്റോചെയ്തത്‌.

By News Desk

Published on :

ന്യൂയോർക്ക്: തുർക്കി അതിർത്തിയിലൂടെ സിറിയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നത് തുടരുവാനുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ശ്രമം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ജൂലായ് 17ന് നിലവിലെ അംഗീകാരത്തിൻ്റെ കാലാവധി തീരുകയാണ്. അതിനാൽ തുർക്കിയുടെ രണ്ടതിർത്തി കടന്ന് സിറിയക്ക് മാനുഷിക സഹായമെത്തിക്കുന്ന കരാർ അടുത്ത ആറുമാസത്തേക്ക് നീട്ടുവാനുള്ള സുരക്ഷാസമിതി നീക്കമാണ് റഷ്യയും ചൈനയും അവസാന നിമിഷത്തിൽ വീറ്റോചെയ്തതെന്ന് അൽ‌ - ജസീറ റിപ്പോർട്ട് ചെയ്യുന്നു.

സിറിയൻ അസദ് ഭരണകൂട വിമതപക്ഷ അധീനതയിലാണ് വടക്കുപടിഞ്ഞാറൻ സിറിയ. ആഭ്യന്തര കലാപകെടുതികളുടെ കേന്ദ്രമാണ് ഈ മേഖല. ഇവിടത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ തുർക്കിയിൽ നിന്ന് വിതരണം ചെയ്യുന്ന മാനുഷിക സഹായത്തെ ആശ്രയിക്കുന്നവരാണെന്ന് യുഎൻ പറയുന്നു.

15 അംഗ കൗൺസിലിൽ ജർമ്മൻ-ബെൽജിയൻ കരട് പ്രമേയത്തെ അനുകൂലിച്ച് 13 കൗൺസിൽ അംഗങ്ങൾ വോട്ട് ചെയ്തു. ആറ് വർഷം മുമ്പാണ് സിറിയയിലേക്ക് തുർക്കി അതിർത്തികടന്നുള്ള സഹായ പ്രവർത്തനത്തിന് യുഎൻ സുരക്ഷാസമിതി അംഗീകാരം നൽകിയത്. അതിൽ ജോർദാൻ, ഇറാഖ് അതിർത്തികടന്നുള്ള പ്രവേശനവുൾപ്പെടുന്നു. റഷ്യ -ചൈന എതിർപ്പിനെത്തുടർന്ന് ഈ രണ്ട് അതിർത്തികളിലെ സഹായനീക്കം നിലച്ചിരുന്നു.

റഷ്യ - ചൈന വീറ്റോ പ്രകാരം തുർക്കി അതിർത്തികടന്നുള്ള സഹായം നിലയ്ക്കുകയാണ്. ഇത് കുടിവെള്ളം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, പാർപ്പിടം എന്നിവയ്ക്കായി ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് സിറിയൻ കുടുംബങ്ങൾക്ക് കനത്ത പ്രഹരമാകുമെന്ന് എൻ‌ജി‌ഒ ഓക്സ്ഫാം മുന്നറിയിപ്പ് നൽകി. യുഎൻ അംഗീകാരം സിറിയൻ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നാണ് റഷ്യയും ചൈനയും വാദിക്കുന്നത്. സിറിയൻ അധികാരികളിലൂടെ സഹായം കൂടുതലായി എത്തിക്കാമെന്നാണ് ഇവരുടെ നിലപാട്. കലാപത്തിൽ കലങ്ങിമറിഞ്ഞ സിറിയൻ ജനതയുടെ ജീവൻ രക്ഷിക്കാനുള്ള സഹായ -

പ്രത്യേകിച്ചും നിർണായകമായ കോവിഡ്-19 വ്യാപന വേളയിൽ - മെത്തിക്കുന്ന വ്യവസ്ഥ. ഇത് അട്ടിമറിക്കുന്ന റഷ്യ - ചൈന നടപടി മനുഷ്യത്വത്തെ നിരാകരിക്കുന്നതിനു തുല്യമെന്ന അഭിപ്രാഭയങ്ങളാണ് അന്തർദേശീയ രംഗത്ത് ഉയരുന്നത്.

സിറിയ പ്രസിഡന്റ് ബഷർ അൽ അസദിനെതിരെ 2011 ൽ തുടങ്ങിയ ആഭ്യന്തര കലാപത്തിൽ റഷ്യ - ചൈന ബഷർ പക്ഷത്താണ്. യുഎൻ സുരക്ഷാകൗൺസിലിൽ സിറിയയ്‌ക്കെതിരെയുള്ള16 പ്രമേയങ്ങൾ റഷ്യ വീറ്റോ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ മോസ്കോയോടൊപ്പം ബീജിങുമുണ്ട്.

Anweshanam
www.anweshanam.com