സമരങ്ങൾ പ്രോട്ടോകോൾ പാലിച്ച്; മുഖ്യമന്ത്രി അനാവശ്യ പരാമര്‍ശം നടത്തുന്നു: ചെന്നിത്തല
Top News

സമരങ്ങൾ പ്രോട്ടോകോൾ പാലിച്ച്; മുഖ്യമന്ത്രി അനാവശ്യ പരാമര്‍ശം നടത്തുന്നു: ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി മാറിനില്‍ക്കണമെന്നാണോ പറയുന്നത് - ചെന്നിത്തല

By News Desk

Published on :

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിപക്ഷ സമരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകുന്നേരത്തെ പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയായണെന്ന് ചെന്നിത്തല ആരോപിച്ചു. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം നടത്തിയത്. ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും തയാറായിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി മാറിനില്‍ക്കണമെന്നാണോ പറയുന്നത് - ചെന്നിത്തല ചോദിച്ചു.

കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ട് മൂന്നാല് മാസമായി. പ്രതിപക്ഷ കക്ഷികള്‍ പൂര്‍ണമായി സഹകരിച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് പുറകോട്ടുപോയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ടുപോകുന്നത്. നടത്തിയ സമരങ്ങള്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. എവിടെയങ്കിലും അതില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പാളിച്ചകള്‍ സംഭവിച്ചു. സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ല. ക്വാറന്റീന്‍ സംവിധാനങ്ങള്‍ നടപ്പിലാകുന്നില്ല. അസുഖം ബാധിച്ചവര്‍ തെക്കുവടക്ക് നടക്കുകയാണ്. പൊലീസും സര്‍ക്കാരും ആരോഗ്യ വകുപ്പും ഉദാസീനത കാണിക്കുന്നു. വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരെ ക്രൂരമായി കോഴിക്കോട് മര്‍ദിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സമരം ഏത് രീതിയിലാണ് നേരിട്ടത്. നാട്ടില്‍ ഉയര്‍ന്നുവരുന്ന രോഷം കണ്ടില്ലെന്ന് നടിക്കരുത്. സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ഗുരുതര അഴിമതികള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കൊവിഡ് പറഞ്ഞ് പേടിപ്പിക്കേണ്ട. യുഡിഎഫ് പ്രവര്‍ത്തകര്‍ വിവരമുള്ളവരാണ്. രാഷ്ട്രീയ പക്വതയുള്ളവരാണ്. കേരളത്തിലെ ജനരോക്ഷത്തെ തടഞ്ഞുനിര്‍ത്താമെന്ന് കരുതേണ്ട. മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു. പ്രതിപക്ഷം ഉന്നയിച്ച വസ്തുകള്‍ ശരിയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ രോഷമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിനിടെ പറഞ്ഞു.

Anweshanam
www.anweshanam.com