പശ്ചിമഘട്ടത്തിലൂടെ റെയിൽപാത: എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകർ

പദ്ധതിയ്ക്കായ് 1.9 ലക്ഷം വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നത് വ്യാപകമായ വന നശീകരണത്തിനിടവരുത്തും.
പശ്ചിമഘട്ടത്തിലൂടെ റെയിൽപാത: എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകർ

കർണാടക: കർണാടകയിൽ പുതിയ റെയിൽ പാതക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഈ പാതാ നിർമ്മാണ പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമം ആരംഭിച്ചിട്ട് 20 വർഷത്തിലധികമായി. പശ്ചിമഘട്ട മലനിരകളെ ഈ റെയിൽ പാതാ പദ്ധതി ഗുരുതരമായി ബാധിക്കുമെന്നതാണ് പദ്ധതിക്ക് തടസ്സമായത്. മരവിപ്പിക്കപ്പെട്ടു കിടന്നിരുന്ന പദ്ധതി വീണ്ടും സജീവമാകുന്നതിനുള്ള അനുമതി റെയിൽവേ ഇതിനകം നേടി. 2020 മാർച്ച് 20ന് കർണാടക സംസ്ഥാന വന്യജീവി ബോർഡിൻ്റെതാണ് അനുമതി.

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ദേശീയ വന്യജീവി ബോർഡ് നിർദ്ദിഷ്ട പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതാണത്രെ വർഷങ്ങളായി മരവിപ്പിക്കപ്പെട്ടിരുന്ന പദ്ധതിക്ക് അനുമതി നൽകാൻ സംസ്ഥാന വന്യജീവി ബോർഡിനെ നിർബ്ബന്ധിതമാക്കിയത്.

നിർദ്ദിഷ്ട ഹുബള്ളി - അനഗോള റെയിൽപാത പദ്ധതി രാജ്യത്തിൻ്റെ ജൈവവൈവിധ്യ കലവറ പശ്ചിമഘട്ടത്തിൻ്റെ ആവാസവ്യവസ്ഥക്ക് അപരിഹാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കടുത്ത ആശങ്കയാണ് പരിസ്ഥിതി സംരക്ഷണ സംഘടനകളും ശാസ്ത്രജ്ഞരുമുയർത്തിയിട്ടുള്ളത്. ഇതു ചൂണ്ടികാണിച്ച് ദേശീയ വന്യജീവി ബോർഡ് മെമ്പർ സെക്രട്ടറിക്കും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദർക്കും പ്രമുഖ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഒപ്പുവച്ച നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ലോകത്തെ ജൈവവവിധ്യ ഹോട്ട് സ്പോട്ടുകളിലെന്നായി പശ്ചിമഘട്ടത്തെ യുനസ്കോ അംഗീകരിച്ചിട്ടുള്ളതാണ്. റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ ബെട്ത്തി - കാളി സംരക്ഷിത വനമേഖലയിലെ അത്യപൂർവ്വ ജൈവസമ്പത്തക്കളുടെയും ജീവജാലങ്ങളുടെയും വൻ നാശത്തിന് കാരണമാകും.

പദ്ധതിയ്ക്കായ് 1.9 ലക്ഷം വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നത് വ്യാപകമായ വന നശീകരണത്തിനിടവരുത്തും. കാലാവസ്ഥ വ്യതിയാനം വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾക്കുനേരെ വികസനത്തിൻ്റെ പേരിൽ അധികാരികൾ കണ്ണടയ്ക്കുന്നുവെന്നത് കടുത്ത വെല്ലുവിളിയായി തുടർന്നു കൊണ്ടേയിരിക്കുന്നു! വികസനം മാനവരാശിയുടെ നിലനില്പിനു വേണ്ടികൂടിയായിരിയ്ക്കണമെന്നത് വിസ്മരിക്കപ്പെടുന്നത് ഖേദകരം.

Related Stories

Anweshanam
www.anweshanam.com