മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം;  പോലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്
Top News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; പോലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് ഒളിച്ച് കടക്കാൻ വഴി ഒരുക്കിയത് പൊലീസ് ആണെന്ന് യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

By News Desk

Published on :

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമേര്‍ച്ച സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ സുധാകരനടക്കം പങ്കെടുത്തു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് ഒളിച്ച് കടക്കാൻ വഴി ഒരുക്കിയത് പൊലീസ് ആണെന്ന് യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആദ്യം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കല്ക്ട്രേറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടർന്നാണ് ലാത്തിച്ചാര്‍ജ്ജുണ്ടായത്. പി.കെ ഫിറോസ് ഉൾപ്പടെയുള്ള നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പൊലീസ് ജലപീരങ്കിയും, ഗ്രനേഡും ഉപയോഗിച്ചു. സമരക്കാർ മന്ത്രി ഇ പി ജയരാജന്റെ വാഹനം തടഞ്ഞു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. കോവിഡിനിടയിൽ സംസ്ഥാനത്ത് സമരാഭാസമാണ് നടക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു.

കൊല്ലത്ത് കെഎസ്‍യു പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചും അക്രമത്തിൽ കലാശിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

Anweshanam
www.anweshanam.com