ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിള്‍
Top News

ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിള്‍

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. 

By News Desk

Published on :

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍. ഗൂഗിൾ ഫോർ ഇന്ത്യ വെർച്വൽ ഇവന്റിന്റെ ആറാം വാർഷിക പതിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ച, കമ്പനി സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും, അടിസ്ഥാന സൗകര്യ വികസനം ഇക്കോസിസ്റ്റം, ഇക്വിറ്റി നിക്ഷേപങ്ങൾ, പാര്‍ട്ണര്‍ഷിപ്പുകള്‍, തുടങ്ങിയവയിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ആയ സുന്ദര്‍ പിച്ചൈയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബിസിനസ് ലോകം നേരിടുന്ന പ്രതിസന്ധികള്‍ മുതല്‍, ലോക്ക് ഡൗണ്‍ കാലത്തെ പുതിയ തൊഴില്‍ സംസ്കാരം വരെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

'ഇന്ത്യയിലെ കർഷകരുടെയും യുവാക്കളുടെയും സംരംഭകരുടെയും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതരത്തില്‍ സാങ്കേതികവിദ്യയുടെ ശക്തി വർധിപ്പിക്കാനുള്ള വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ ആശയവിനിമയം നടത്തി' എന്നായിരുന്നു സുന്ദര്‍ പിച്ചൈയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.

ഡാറ്റാ സുരക്ഷ, സൈബർ സുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങളും തങ്ങള്‍ക്കിടയിലെ ചര്‍ച്ച വിഷയമായെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാടില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും, അതിന്‍റെ സാക്ഷാത്കാരത്തില്‍ ഗൂഗിള്‍ കൂടെയുണ്ടാകുമെന്നുമായിരുന്നു, പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയത്തിന് നന്ദി പറഞ്ഞുകൊണ്ട് സുന്ദര്‍ പിച്ചൈയുടെ മറുട്വീറ്റ്. ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താനുള്ള തീരുമാനം ഗൂഗിള്‍ പ്രഖ്യാപിച്ചത്.

Anweshanam
www.anweshanam.com