ഗാൽവാനിൽ നിന്ന് ചൈനീസ് പിന്മാറ്റമെന്ന് റിപ്പോർട്ട്

സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഗാൽവാനിൽ നിന്ന് ചൈനീസ് പിന്മാറ്റമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഗാൽവാനിലെ നിയന്ത്രണരേഖയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയതായി റിപ്പോർട്ട്. രണ്ട് മീറ്ററോളം പുറകോട്ട് മാറിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും സേനയെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം നടന്ന ഗാല്‍വാനില്‍ നിന്ന് മാത്രമാണ് സേനാപിന്മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം.

ഇരുപക്ഷവും കെട്ടി ഉയര്‍ത്തിയ താത്കാലിക സംവിധാനങ്ങള്‍ നീക്കം ചെയ്തു. ഇക്കാര്യം ബോധ്യപ്പെടാന്‍ നേരിട്ടുളള പരിശോധന നടത്തിയതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ- ചൈന സേനകള്‍ക്ക് ഇടയില്‍ ഒരു സുരക്ഷിത അകലം സൃഷ്ടിച്ചാണ് സേനാ പിന്മാറ്റം ഉണ്ടായതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസമായി നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ഇതോടെ അയവുവരുമെന്നാണ് വിലയിരുത്തല്‍.

എന്നാൽ, ചൈന ധാരണകള്‍ പാലിക്കാന്‍ തയ്യാറാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഴ്ചകള്‍ക്ക് മുന്‍പ് ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ 40ലധികം ചൈനീസ് സൈനികരെ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com