പൊലീസുകാരുടെ കൊലപാതകത്തിന് പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍
Top News

പൊലീസുകാരുടെ കൊലപാതകത്തിന് പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍

കുപ്രസിദ്ധ കുറ്റവാളികളില്‍ ഒരാളായ വികാസ് ദുബെ, കൊലപാതകം അടക്കം 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

By Geethu Das

Published on :

കാണ്‍പൂര്‍: കുപ്രസിദ്ധ കുറ്റവാളികളില്‍ ഒരാളായ വികാസ് ദുബെ, കൊലപാതകം അടക്കം 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പല കേസുകളിലും അറസ്റ്റിലായെങ്കിലും ഒരു കേസില്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇയാളെ പിടിക്കാന്‍ പൊലീസ് പലതവണ പദ്ധതിയിട്ടെങ്കിലും ശ്രമം വിഭലമാവുകയായിരുന്നു. 2001 ല്‍ കാണ്‍പൂര്‍ ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കലാപം തുടങ്ങി നിരവധി കേസുകള്‍ ദുബെയ്‌ക്കെതിരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഗ്രാമവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദുബെ അറസ്റ്റ് ചെയ്യാന്‍ ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം കാണ്‍പൂരിലെത്തിയത്. പ്രതിയായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് പൊലീസിന് നേരെ വെടിവെപ്പുണ്ടായത്. റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന് നേരെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്ര അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

വികാസ് ദുബെയുടെ കാണ്‍പൂരിലെ വീട്ടില്‍ റെയ്ഡിന് എത്തിയതായിരുന്നു പൊലീസ് സംഘം. പത്തോളം പേര്‍ അടങ്ങുന്ന അക്രമി സംഘം പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലക്‌നൗവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

(ചിത്രം: എന്‍ഡിടിവി)

Anweshanam
www.anweshanam.com