കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്
Top News

കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

By News Desk

Published on :

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കമ്പനിയില്‍ ഉഗ്ര ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാവുകയും ഇതേതുടര്‍ന്ന് തീ പടരുകയും ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്റ്‌സ് കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

അപകട സമയത്ത് നാല് തൊഴിലാളികള്‍ പ്ലാന്റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപെടുത്തിയെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി.വിനയ് ചന്ദ് അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടം തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിശാഖപട്ടണത്തുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. കഴിഞ്ഞ മാസം ഫാര്‍മ സിറ്റിയിലെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com