സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ച കാസർകോട് സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

അബ്‍ദുള്‍ റഹ്‍മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ച കാസർകോട് സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്‍മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ മരിച്ചത്. കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്‍ദുള്‍ റഹ്‍മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി.ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അബ്‍ദുള്‍ റഹ്‍മാന്‍ ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com