പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി
Top News

പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയത്.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.

പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ ജനങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തും. ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചു. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിട്ടുണ്ട്. നഗരത്തിലെ കടകംപള്ളി, പേട്ട മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരത്തിന് പുറത്ത് ആര്യനാടും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്.

Anweshanam
www.anweshanam.com