അവന്‍ ശിക്ഷിക്കപ്പെടണം! കൊന്നേക്കൂ; വികാസ് ദുബെയുടെ മാതാവ്
Top News

അവന്‍ ശിക്ഷിക്കപ്പെടണം! കൊന്നേക്കൂ; വികാസ് ദുബെയുടെ മാതാവ്

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ദുബെയുടെ മാതാവ് സരളാ ദേവി പറഞ്ഞത് തന്റെ മകനെയും കൊന്നുകളയാനാണ്.

By News Desk

Published on :

ലക്‌നൗ: കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ദുബെയുടെ മാതാവ് സരളാ ദേവി പറഞ്ഞത് തന്റെ മകനെയും കൊന്നുകളയാനാണ്. വികാസ് ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും പൊലീസില്‍ കീഴടങ്ങുന്നതാണ് വികാസിന് നല്ലതെന്നും മാതാവ് സരളാ ദേവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് മകന്‍ അവസാനമായി തന്നെ കാണാന്‍ വന്നത്. വികാസ് കാരണം നിരവധി പ്രശ്‌നങ്ങളാണ് ഞങ്ങള്‍ നേരിടുന്നതെന്നും സരളാ ദേവി പ്രതികരിച്ചു.

വികാസിന്റെ മക്കളായ ശന്തനു, ആകാശ് എന്നിവര്‍ അമ്മ സോനത്തോടൊപ്പം കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വികാസ് ദുബെയുടെ ഇന്ദ്രലോക് കോളനിയിലെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അനിയനായ ദീപ് പ്രകാശ് ദുബെയുടെ ഭാര്യ അഞ്ജലി ദുബെയെയും ബന്ധുവായ സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ദീപ് പ്രകാശ് ദുബെയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വികാസ് ദുബെയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമാണ് കാണ്‍പൂര്‍ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

(ചിത്രം: എഎന്‍ഐ)

Anweshanam
www.anweshanam.com