ഇന്ത്യ-ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്

ഇന്ത്യ - ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്. ലഡാക്കില്‍ മൂന്നിടത്ത് സേനാ പിന്‍മാറ്റം നടന്ന സാഹചര്യത്തിലാണ് നീക്കം.
ഇന്ത്യ-ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്. ലഡാക്കില്‍ മൂന്നിടത്ത് സേനാ പിന്‍മാറ്റം നടന്ന സാഹചര്യത്തിലാണ് നീക്കം. സംഘര്‍ഷ സൂചന ലഭിച്ചാലുടന്‍ പാങ്കോങ്‌സോക്ക് സമീപമുള്ള ഫിംഗര്‍ ഏരിയയില്‍ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗല്‍വാന്‍, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളില്‍ സേനാ പിന്‍മാറ്റം പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാങ്കോങ് സോ പ്രദേശത്തെ സേനാ പിന്‍മാറ്റം മന്ദഗതിയിലാണ് നടക്കുന്നത്. ഈ മാസം ജൂലൈ അഞ്ചിന് ചേര്‍ന്ന വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മറ്റി കൂടിക്കാഴ്ചയില്‍ രൂപപ്പെട്ട പരസ്പര സമ്മതത്തോടെയുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട നയതന്ത്രതല ചര്‍ച്ച ഇന്ന് നടക്കാനിരിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ ഇന്ത്യ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുക, പഴയ സ്ഥിതിയിലേക്ക് സാഹചര്യങ്ങളെ മടങ്ങി കൊണ്ടുപോവുക, റിഡ്ജ് ലൈന്‍ പുനസ്ഥാപിക്കുക എന്നിവയാണ്. കഴിഞ്ഞ ഞായറാഴ്ച അജിത് ഡോവലും വാങ് യിയും രണ്ട് മണിക്കൂറിലധികം വീഡിയോ സംഭാഷണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സേനാ പിന്‍മാറ്റം വേഗത്തില്‍ ആയത്. ഇതിന്റെ തുടര്‍ച്ചയായുള്ള തീരുമാനങ്ങള്‍ ആയിരിക്കും രണ്ടാംഘട്ട കൂടിക്കാഴ്ചയില്‍ ഉണ്ടാവുക.

Related Stories

Anweshanam
www.anweshanam.com