ഐടി വകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ആരോപണവുമായി ചെന്നിത്തല

കേരള സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയി അമേരിക്കൻ പൗരയെ നിയമിച്ചെന്നാണ് ചെന്നിത്തലയുടെ ആരോപണം. 
ഐടി വകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാർട്ടപ്പ് മിഷനിൽ ജോലി കിട്ടിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയിട്ടാണ് അമേരിക്കൻ പൗരയെ നിയമിച്ചെതന്നാണ് ചെന്നിത്തലയുടെ ആരോപണം.

കേരളത്തിലെ ഐടി വകുപ്പിൽ നൂറു കണക്കിന് അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ പിൻവാതിൽ നിയമനങ്ങൾ എല്ലാം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രിൻസിപ്പൾ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റി നിർത്തിയത് കൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ ചെന്നിത്തല സർവീസ് റൂൾ ലംഘിച്ച ശിവശങ്കരനെ സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ കൊളളയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും അഗ്നിപർവതത്തിനു മുകളിൽ നിൽക്കുന്നത് സംസ്ഥാനമല്ല ഈ സർക്കാരാണെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം.

ശിവശങ്കരൻ നിയമപരമായി തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണ്. എല്ലാ കാലത്തും ശിവശങ്കരനെ സംരക്ഷിച്ച മുഖ്യമന്ത്രി തന്റെ കൈപൊള്ളുമെന്ന് കണ്ടപ്പോഴാണ് നടപടി എടുത്തത്. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ മന്ത്രിസഭ യോഗം കൂടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല വെല്ലുവിളിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധ ധർണ്ണയുടെ സംസ്ഥാന തല ഉൽഘാടനം മലയിൻകീഴ് ജംഗ്ഷനിൽ വച്ച് നിർവഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com