
കാസര്‍ഗോട്: കാസര്‍ഗോട് ജില്ലയിലെ മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന് ആണ് പിടിയിലായത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് സംഭവം. മംഗളൂരുവില്‍നിന്നും കാസര്‍ഗോട്ടേക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്.
കുമ്പള റേഞ്ച് എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായ വ്യക്തി മൊഴി നല്‍കിയിട്ടുണ്ട്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി.