സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തിന്റെ ചുരുൾ അഴിയുമ്പോൾ?
Top News

സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തിന്റെ ചുരുൾ അഴിയുമ്പോൾ?

രാജ്യത്തിന്റെ തന്നെ ഏറ്റവും സുരക്ഷിതമായ ഡിപ്ലോമാറ്റിക്ക് ബാഗേജ് തന്നെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ട് ഉണ്ടെങ്കിൽ, 15 കോടിയോളം രൂപ വിലമതിക്കുന്ന ഈ സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ ഉന്നതരുടെ കരങ്ങൾ ഉണ്ടാകാം

By M Salavudheen

Published on :

സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തിന്റെ ചുരുൾ അഴിയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു സർക്കാർ ഉദ്യോഗസ്ഥ തന്നെയാകുന്നത് അത്ര നിസ്സാരകാര്യമല്ല. കരാർ ജീവനക്കാരിയായി സർവീസിൽ കടന്ന് കൂടി അതിന്റെ സ്വാധീനം മുഴുവൻ ഉപയോഗപ്പെടുത്തിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. അതിന് രാജ്യത്തിന്റെ തന്നെ ഏറ്റവും സുരക്ഷിതമായ ഡിപ്ലോമാറ്റിക്ക് ബാഗേജ് തന്നെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ട് ഉണ്ടെങ്കിൽ, ഒരുപക്ഷെ 15 കോടിയോളം രൂപ വിലമതിക്കുന്ന ഈ സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ ഉന്നതരുടെ കരങ്ങൾ ഉണ്ടാകാം. അക്കാര്യത്തിന് വ്യക്തത വരണമെങ്കിൽ ഇപ്പോൾ ഒളിവിലുള്ള തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സ്വപ്‍ന സുരേഷിനെ പിടികൂടുക തന്നെ വേണം.

സംഭവത്തിൽ സർക്കാരിന് നേരെ കൂടി സംശയത്തിന്റെ മുന ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ ഇക്കാര്യത്തിൽ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഇതിനോടകം തന്നെ പ്രതിപക്ഷം ഉയർത്തി കഴിഞ്ഞു. സംഭവത്തിൽ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൂടുതൽ കടുത്ത വിമർശനവുമായി സർക്കാരിനെതിരെ തിരിഞ്ഞു കഴിഞ്ഞു. ഐടി സെക്രട്ടറി സ്വപ്നയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു. ഐടി സെക്രട്ടറിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമായി മാറി. സ്വപ്‌നയെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു

ഇന്നലെ (ജൂലൈ 5) നാണ് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ചത് പിടികൂടി എന്ന വിവരം പുറത്തുവരുന്നത്. 30 കി​ലോ സ്വ​ര്‍ണമാണ് ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റിലെ കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ര്‍ണം ക​ട​ത്തു​ന്ന​താ​യി ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​ധി​കൃ​ത​ര്‍ ബാ​ഗേ​ജ്, സ്കാ​ന​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് എ​യ​ര്‍ കം​പ്ര​സ​റി​ലും പൈ​പ്പി​ലു​മാ​യി വി​വി​ധ രൂ​പ​ങ്ങ​ളി​ലാ​ക്കി സ്വ​ര്‍ണം ഒ​ളി​പ്പി​ച്ച​താ​യി കണ്ടെ​ത്തി​യ​ത്. പിടികൂടിയ സ്വ​ര്‍ണ​ത്തി​ന് ഏകദേശം 15 കോ​ടി വി​ല​വ​രും എന്നാണ് കണക്കാക്കുന്നത്.

ന​യ​ത​ന്ത്ര ഉ​ട​മ്പ​ടി പ്ര​കാ​രം കോ​ണ്‍സു​ലേ​റ്റി​ലേ​ക്ക് വ​രു​ന്ന ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പാ​ടി​​ല്ല. പരിശോധിക്കണമെങ്കിൽ കേ​ന്ദ്ര സർക്കാരിന്റെ പ്രത്യേക അ​നു​മ​തി വേ​ണം. സം​ഭ​വം ഗൗ​ര​വ​മേ​റിയതായതിനാൽ ര​ണ്ട് ക​സ്​​റ്റം​സ് ജോ​യ​ൻ​റ്​​ ക​മീ​ഷ​ണ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​ര്‍ഗോ​യി​ല്‍ എ​ത്തി​യാ​ണ് കോ​ണ്‍സു​ലേ​റ്റ​റെ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞ​ത്. ഇതിനായി കേന്ദ്ര അനുമതിയും വാങ്ങിയിരുന്നു. താ​ന്‍ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തി​ക്കാ​ന്‍ അ​റി​യി​ച്ച​തെ​ന്നും സ്വ​ര്‍ണം എ​ത്തി​യ​തി​നെ​ക്കു​റി​ച്ചും മ​റ്റ്​ സാ​ധ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യില്ലെന്നും കോ​ണ്‍സു​ലേ​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തിന്റെ സാ​ന്നി​ധ്യ​ത്തിൽ തന്നെയാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഈ പരിശോധനയിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് 30 കിലോ സ്വർണം പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്.

ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി കോ​ടി​ക​ളു​ടെ സ്വ​ര്‍ണം ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് കൊ​ച്ചി ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍ കേ​ന്ദ്രാ​നു​മ​തി വാ​ങ്ങി​യ​തും തി​രു​വ​ന​ന്ത​പു​രം കാ​ര്‍ഗോ ചു​മ​ത​ല​യു​ള്ള അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ര്‍ക്ക് പ​രി​ശോ​ധ​ന​ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​തും. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ദുബായിൽ നി​ന്ന്​ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ബാ​ഗേ​ജു​ക​ള്‍ കാ​ര്‍ഗോ​യി​ല്‍ എ​ത്തി​യ​ത്.

സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെയാണ് സ്വപ്‍ന സുരേഷ് എന്ന ഐ ടി വകുപ്പിലെ ജീവനക്കാരിയുടെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയത്. ഇവരുടെ കൂട്ടാളിയായ സരിത് എന്നയാളെ ഇതിന് മുൻപായി പിടികൂടി. സരിതയിൽ നിന്നാണ് സ്വപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായതെന്നാണ് പ്രാഥമിക സൂചനകൾ. സരിത് യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തിൽ​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നത്​.​ അന്വേഷണത്തിൽ വ്യാജമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിത്തിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം.

സരിത്തിന്റെ മൊഴി പ്രകാരം 2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ട്. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ മൊഴി നൽകിയിട്ടുണ്ട്. അഞ്ചുപേരെയാണ്​ ഇത്തരത്തിൽ കടത്തിനായി ഉപ​യോഗിക്കുന്നതെന്നാണ്​ വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌ത സരിത്തിനെ ഐ ബി, റോ തുടങ്ങിയവരും ചോദ്യം ചെയ്യും. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സരിത് സ്വർണം പുറത്തെത്തിച്ചിരുന്നത് എന്നാണ് വിവരം. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. ഇതിനായി സരിത് വ്യാജ ഐഡി കാർഡ് ഉപയോഗിച്ചിരുന്നു.

കേസിലെ മുഖ്യ ആസൂത്രക സ്വപ്‍ന സുരേഷ് ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ കരാർ ജീവനക്കാരിയാണ്. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർ ഒളിവിലാണെന്നാണ് വിവരം. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന കസ്​റ്റംസിൻെറ കണ്ടെത്തലിനെ തുടർന്ന് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി കൂടിയാണ് സ്വപ്​ന. സ്വപ്​നയും സരിത്തും ചേർന്നാണ്​ സ്വർണകടത്തിന്​ മുൻകൈയെടുത്തിരുന്നതെന്നാണ്​ കസ്​റ്റംസിന്​ ലഭിച്ച വിവരം. രാ​ജ്യ​ത്ത് തന്നെ ആ​ദ്യ​മാ​യാ​ണ് ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ര്‍ണം ക​ട​ത്തു​ന്ന​ത്.

അതേസമയം, ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവരുടെ കള്ളക്കടത്തുകൾക്ക് ഇവർ ഐ ടി വകുപ്പിനെ മറയാക്കിയിരുന്നതായാണ് മനസിലാക്കേണ്ടത്. അതുകൊണ്ടാകണം കരാർ കഴിഞ്ഞിട്ടും ഒരു മാറ്റത്തിന് ശ്രമിക്കാതെ ഇവർ ഇവിടെ തുടർന്നത്. ഇവർക്ക് ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായാണ് വിവരം. സംഭവത്തിൽ ഉന്നത ബന്ധം സംശയിക്കുന്നതായി ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു.

'മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പില്‍ സുപ്രധാന വകുപ്പില്‍ ഇരിക്കുന്ന വ്യക്തിയാണ് കള്ളക്കടത്തിന് നേതൃത്വം നല്‍കിയത്. മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഐടി വകുപ്പില്‍ സുപ്രധാന ചുമതലയില്‍ സ്വപ്‌ന എത്തിയത് - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു.

'എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുപിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരെല്ലാം ബന്ധപ്പെടുകയുണ്ടായി? ഇവരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ ആരെല്ലാമാണ് നടത്തിയത്? നയതന്ത്ര ചാനലുകളെ ദുരുപയോഗപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് എതിരായ സംശയിക്കപ്പെടുന്ന ഈ സ്ത്രീക്ക് എങ്ങനെ ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു? - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിക്കുന്നു. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ധാർമികമായി മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട് - ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ഓഫീസും ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേരുടെ നേരെയാണ് ഇപ്പോൾ സംശയത്തിന്റെ മുൾമുന പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സർക്കാർ ഉന്നത സ്ഥാനത്തിരുന്ന ഒരാൾ ആയത് കൊണ്ട് തന്നെ ഈ ആരോപണങ്ങളിൽ നിന്ന് സർക്കാരിന് പെട്ടന്ന് മാറി നിൽക്കാനും കഴിയില്ല. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാകുന്നതോടെയും നിലവിലെ പ്രതികളെ പിടികൂടുന്നതോടെയും മാത്രമേ കേസിലെ സത്യവസ്ഥ പുറത്തു വരൂ.

Anweshanam
www.anweshanam.com