സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
Top News

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്

By News Desk

Published on :

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും യുഎഇ വ്യക്തമാക്കി. സ്വര്‍ണം അയച്ചത് ആരെന്ന് അന്വേഷിക്കും. കള്ളക്കടത്തിന്റെ വേരുകളിലേക്കെത്താന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎഇ അറിയിച്ചു. കള്ളക്കടത്ത് കോണ്‍സുലേറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും യുഎഇ വ്യക്തമാക്കി.

ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച കേസായതിനാൽ കോൺസുലേറ്റിന്‍റെ തന്നെ സൽപ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്.

സാധാരണ സ്വർണക്കടത്ത് കേസുകളിൽ യുഎഇ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാറില്ല. എന്നാൽ റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎഇ അധികൃതരുമായി സഹകരണം ഉണ്ടാകാറുണ്ട്. എന്നാൽ ഇത് നയതന്ത്രചാനലുകൾ വഴി നടന്ന സ്വർണക്കടത്തായതിനാലും ഇന്ത്യയിലെ യുഎഇ കോൺസുലേറ്റിന്‍റെ തന്നെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതായതിനാലുമാണ് യുഎഇ തന്നെ നേരിട്ട് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

ഐടി വകുപ്പ് ഉദ്യോഗസ്ഥയായ ഇവര്‍ക്ക് പല ഉന്നതരുമായും ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുടര്‍ന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.

അതേസമയം, സ്വർണക്കടത്തു കേസിലെ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിത കേരള സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യാതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അര്‍ഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയര്‍ന്നുവന്നു എന്നല്ല. പക്ഷെ പൊതുസമൂഹത്തില്‍ ഈ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞുച്ചു.

Anweshanam
www.anweshanam.com