വിവാദ വനിതയ്ക്ക് ഓഫിസുമായി ബന്ധമില്ല; ഏത് അന്വേഷണവും നടക്കട്ടെ: മുഖ്യമന്ത്രി

സർക്കാരിന് ഈ ഇടപാടിൽ യാതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ വനിതയ്ക്ക് ഓഫിസുമായി ബന്ധമില്ല; ഏത് അന്വേഷണവും നടക്കട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിത കേരള സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യാതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അര്‍ഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയര്‍ന്നുവന്നു എന്നല്ല. പക്ഷെ പൊതുസമൂഹത്തില്‍ ഈ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്. ഇത്തരമൊരു നിലപാട് യുഡിഎഫിന് ചിന്തിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസിലെ വിവാദവനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ടൊരു ബന്ധവുമില്ല. ഐടി വകുപ്പിനു കീഴില്‍ നിരവധി പ്രൊജക്ടുകളുണ്ട്. അതിന്റെ കീഴില്‍ സ്‌പേസ് സെല്ലിങ് അഥവാ മാര്‍ക്കറ്റിങ് ചുമതലയാണ് ഈ വനിതയ്ക്കുണ്ടായിരുന്നത്. കരാര്‍ അടിസ്ഥാനത്തിലാണത്. ഇവരെ ജോലിക്കെടുത്തത് ഈ പ്രൊജക്ടിന്റെ മാനേജ്‌മെന്റ് നേരിട്ടല്ല, പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം പ്രൊജക്ടുകളില്‍ താല്‍കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാൽ ഇടപെടാൻ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവർത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. ഇപ്പോൾ നടന്ന കള്ളക്കടത്ത് സംസ്ഥാന സർക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്. ഈ പാർസൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കാണോ വന്നത്. യുഎഇ കോൺസുലേറ്റിന്റെ അധികാരം ഉപയോഗിച്ചാണു കാര്യങ്ങൾ നടത്താൻ നോക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ അധികാരപത്രം ഹാജരാക്കി എന്നൊക്കെയാണ് അറിയുന്നത്.

സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കസ്റ്റംസിന് എല്ലാ സഹായവും ചെയ്യും. ക്രൈംബ്രാഞ്ച് ഈ വനിതയുമായി ബന്ധപ്പെട്ട് ഹൈക്കോടതയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ആ കേസിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ചിലർ പറഞ്ഞത് മാധ്യമങ്ങൾ ആവർത്തിച്ചു.

തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറയുയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നുകരുതിയാല്‍ നടക്കില്ല എന്നാണ് പറയാനുള്ളത്. ഈ വനിത സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമല്ല കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ സാറ്റിലും ജോലിചെയ്തത്. അവര്‍ കോണ്‍സുലേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍സുലേറ്റ് പ്രതിനിധിയായി തലസ്ഥാനത്ത് നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ അവര്‍ പങ്കെടുത്ത ദൃശ്യത്തോടൊപ്പം മറ്റൊന്ന് കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന മട്ടില്‍ ചിലര്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇപ്പോഴത്തെ സംഭവത്തെ സോളാറിനോട് ചിലർ താരതമ്യപ്പെടുത്താൻ ശ്രമം നടത്തുന്നു. ഞങ്ങള്‍ ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാറിന് സമ്മതാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാനസര്‍ക്കാരിനില്ല. കസ്റ്റംസിന്റെ അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാര്‍ നല്‍കും. കുറ്റവാളികളെ കണ്ടെത്തി േവരറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com