സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണം എന്‍ഐഎക്ക്; അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Top News

സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണം എന്‍ഐഎക്ക്; അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്

By News Desk

Published on :

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎക്ക് വിട്ടു. കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രം തീരുമാനിച്ചത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ ആരാണ്, സ്വര്‍ണം എവിടെനിന്ന് വന്നു, ആര്‍ക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടും.

നിലവില്‍ കസ്റ്റംസിനാണ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ ഭീകരവാദ ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രം കേസ് എന്‍ഐഎക്ക് വിട്ടത്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.

സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.

Anweshanam
www.anweshanam.com