സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെയുള്ള തെളിവുകള്‍ യുഎഇക്ക് കൈമാറി
Top News

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെയുള്ള തെളിവുകള്‍ യുഎഇക്ക് കൈമാറി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറി.

By News Desk

Published on :

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറി. ദുബായിലുള്ള പ്രതി ഫൈസല്‍ ഫരീദിനെതിരെയുള്ള തെളിവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ആര്‍ക്കും സ്വര്‍ണ കടത്തില്‍ പങ്കില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഫൈസല്‍ ഫരീദ് തന്നെയാണ് കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം അയച്ചതെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ ഏജന്‍സി യു.എ.ഇക്ക് കൈമാറി.

സാമ്പത്തിക ലാഭത്തിനപ്പുറം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് സ്വര്‍ണ കടത്ത് നടന്നതെന്ന ആരോപണം കൂടി പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ഉന്നയിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധിതമാവുകയാണ്. കാര്‍ഗോ വിലാസമായി ദുബൈ റാശിദിയ്യയില്‍ ഫൈസല്‍ ഫരീദിന്റെ താമസ വിലാസം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ യു.എ.ഇയുടെ സീലും മറ്റും വ്യാജമായി നിര്‍മിച്ചുവെന്ന എന്‍.ഐ.എയുടെ പുതിയ പരാതി ഫൈസല്‍ ഫരീദിന് വലിയ കുരുക്കാകും. കുറ്റം തെളിഞ്ഞാല്‍ യു.എ.ഇയില്‍ ഇതിനു 10 വര്‍ഷമാണ് തടവുശിക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റ കരാര്‍ നിലനില്‍ക്കെ, പ്രതികളെ ഇന്ത്യയിലെത്തിക്കാനാണ് എന്‍.എ.എ ലക്ഷ്യമിടുന്നത്.

Anweshanam
www.anweshanam.com