ആണവനിലയ തീപിടുത്തം: സൈബര്‍ ആക്രമണ സാധ്യത തള്ളാതെ ഇറാന്‍

ഇറാന്‍ നതന്‍സ് ഭൂഗര്‍ഭ ആണവ നിലയത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. 2020 ജൂലായ് നാലിനായിരുന്നു ആണവ നിലയത്തില്‍ തീപിടുത്തം.
ആണവനിലയ തീപിടുത്തം: സൈബര്‍ ആക്രമണ സാധ്യത തള്ളാതെ ഇറാന്‍

ദുബായ്: ഇറാന്‍ നതന്‍സ് ഭൂഗര്‍ഭ ആണവ നിലയത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. യുറേനിയം സമ്പുഷ്ടമാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന സെന്‍ട്രിഫ്യൂജുകളുടെ വികസന പ്രകിയയെ നാശനഷ്ടം മന്ദഗതിയിലാക്കുമെന്നു ഇറാന്‍ ആണവ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂലായ് നാലിനായിരുന്നു ആണവ നിലയത്തില്‍ തീപിടുത്തം.

തീപിടിത്തത്തിന്റെ കാരണം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇറാനിലെ ഉന്നത സുരക്ഷാ സമിതി അറിയിച്ചു. ഇത് സൈബര്‍ അട്ടിമറിയായിരിക്കാമെന്നും അത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഏത് രാജ്യത്തിനെതിരെയും ടെഹ്റാന്‍ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജുലായ് നാലിന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ പ്രസിദ്ധികരിച്ച ലേഖനം ഇസ്രായേല്‍, അമേരിക്കയടക്കമുള്ള ശത്രുക്കളുടെ അട്ടിമറി സാധ്യതകള്‍ തള്ളികളയുന്നില്ല. പക്ഷേ ഇതൊരു നേരിട്ടുള്ള ആരോപണമായി ഉന്നയിക്കപ്പെടുന്നില്ല. സൈബര്‍ ആക്രമണത്തിന്റെ ഫലമാണ് തീപിടിത്തമെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഇവര്‍ക്ക് പക്ഷേ ഇക്കാര്യത്തില്‍ തെളിവുകളൊന്നും നല്‍കാനായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. അട്ടിമറിയെന്ന സംശയിക്കപ്പെടുന്ന തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല.

സംഭവം ഒരു ഇടവേള ക്ഷമതയാര്‍ന്ന സെന്‍ട്രിഫ്യൂജുകളുടെ വികസനവും ഉല്‍പാദനവും മന്ദഗതിയിലാക്കാം. കേടുപാടുകളുണ്ടായവയ്ക്ക് പകരം നൂതന ഉപകരണങ്ങളുള്ള മികച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കും - ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ വക്താവ് ബെഹ്രൂസ് കമാല്‍വാണ്ടിയെ ഉദ്ധരിച്ച് ഇറാന്‍ ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ നിലയമാണ് നതന്‍സ് ആണവ നിലയം. യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐഎഇഎ) ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിക്കുന്നവയിലൊന്നാണീ ആണവ നിലയം. തീപിടിത്തം ആണവ വസ്തുക്കളെ ബാധിച്ചിട്ടില്ലെന്നും ഇന്‍സ്‌പെക്ടര്‍മാരാരും തീപിടുത്ത വേളയിലുണ്ടായിരുന്നില്ലെന്നും ഐഎഇഎ അറിയിച്ചു.

നതന്‍സ് ആണവ നിലയം സമാധാനപരമായ ആവശ്യങ്ങള്‍ക്കായാണെന്നാണ് ടെഹ്‌റാറാന്‍ വാദം. എന്നാല്‍ ഇത് ഇറാന്റെ രഹസ്യാത്മകമായ ആണവായുധ പദ്ധതിയാണെന്നാണ് അമേരിക്കയടക്കുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മറുവാദം. ഇതിന്റെ ഭാഗമായാണ് ഇറാനുമായുള്ള സമ്പുഷ്ടികരണ നിയന്ത്രണ കരാറില്‍ നിന്നുള്ള ട്രമ്പ് ഭരണകൂടത്തിന്റെ പിന്മാറ്റം. 2015 ലാണ് ടെഹ്റാനും അമേരിക്കയടക്കം ആറ് ലോകശക്തികളും ഇറാനും തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടി ഒപ്പവക്കപ്പെട്ടത്. ഇതില്‍ നിന്നുള്ള ട്രമ്പു ഭരണകൂടത്തിന്റെ പിന്മാറ്റത്തോടെ കടുത്ത സാമ്പത്തിക ഉപരോധമാണ് ഇറാന്‍ അഭിമുഖീകരിക്കുന്നത്. മാത്രമല്ല, അമേരിക്കന്‍ - ഇറാന്‍ ബന്ധം പരിഹരിക്കപ്പെടാനാകാത്തവിധം വഷളായത് മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ അരക്ഷിതമാക്കുകയാണ്. ഇറാന്‍ - ഇസ്രയേല്‍ ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്നതാകട്ടെ മേഖലയില്‍ അശാന്തിയുടെ കരില്‍ നിഴല്‍ പടരുന്നതിന് മറ്റൊരു കാരണമായിട്ടുണ്ട്.

ഇതിനിടെ ഗള്‍ഫ് തീരത്ത് ടെഹ്റാന്‍ ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങള്‍' നിര്‍മ്മിച്ചതായും ഇത് തങ്ങളുടെ ശത്രുക്കള്‍ക്ക് പേടി സ്വപ്നമാകുമെന്ന് ഇറാന്‍ റവല്യൂഷണറി നേവി ഗാര്‍ഡ് ചീഫ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ എല്ലാ പ്രവിശ്യകളിലും ഇത്തരം താവളങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതുവരെ മൂന്ന് താവളങ്ങളെക്കുറിച്ച് മാത്രമാണ് പുറംലോകമറിഞ്ഞിട്ടുള്ളത്. ഇറാന്റ തീരങ്ങളില്‍ രഹസ്യമാക്കപ്പെടാത്ത ഇത്തരം താവളങ്ങള്‍ ഇനിയുമുണ്ടെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു.

2010 ല്‍ അമേരിക്കയും ഇസ്രായേലും വികസിപ്പിച്ചെടുത്ത സ്റ്റക്‌സ്‌നെറ്റ് കമ്പ്യൂട്ടര്‍ വൈറസ് തങ്ങളുടെ ആണവ നിലയങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണ ഭീഷണിയാണെന്ന് ഇറാന്‍ വിശ്വസിക്കുന്നു. ഇതാണ് നതാന്‍ സ് ആണവ നിലയ തീപിടുത്തം സൈബര്‍ അട്ടിമറിയെന്ന് സംശയി ക്കപ്പെടുന്നതിന് ആധാരമാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com