എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം; പത്തിടങ്ങള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം.
എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം;  പത്തിടങ്ങള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. പനമ്പിള്ളി നഗര്‍ ഉള്‍പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്‍ക്കറ്റും കണ്ടെയ്ന്‍മെന്റ് സോണാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 13 പേരില്‍ 6 പേരുടെ ഉറവിടം വ്യക്തമല്ല. കൊച്ചി നഗരസഭയിലെ പനമ്പിള്ളി നഗര്‍, ഗിരിനഗര്‍, പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ് എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വൈദിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ച പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്‍, ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, പിറവം നഗരസഭയിലെ 17ാം ഡിവിഷന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28ാം ഡിവിഷന്‍ എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളായി.

കണ്ടെയ്ന്‍മെന്റ് സോണായ ചെല്ലാനത്ത് ഉള്‍പ്പടെ ആന്റിജന്‍ പരിശോധന പുരോഗമിക്കുകയാണ്. സ്ഥിതി രൂക്ഷമായാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com