നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അനുവദിക്കാനാകില്ല: മുഖ്യമന്ത്രി

കേരളത്തില്‍ സുനാമി വന്നപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ഒരു പ്രക്ഷോഭത്തിലായിരുന്നുവെന്നും എന്നാല്‍ സുനാമി വന്നപ്പോള്‍ തന്നെ ആ പ്രക്ഷോഭങ്ങള്‍ ആകെ നിര്‍ത്തിവച്ചുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു
നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അനുവദിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച്‌ നടത്തുന്ന സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ പ്രത്യാഘാതം വലുതാകും എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളേയും നിയന്ത്രണങ്ങളേയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കണ്ടെുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമ്ബര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുന്നതിനാല്‍ ബ്രേക്ക് ദ ചെയ്ന്‍ കാമ്ബെയ്ന്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു..

സമരങ്ങളെ സര്‍ക്കാര്‍ നേരിടുക എന്നതിനേക്കാളുപരിയായി ഇത്തരം സമരങ്ങള്‍ നടത്തുന്നവര്‍ നാടിന്റെ അവസ്ഥയെ കണക്കിലെടുത്ത് ഒരു തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാകണമെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരംചെയ്യാനുളള ആരുടെയും അവകാശത്തെ ആരും ചോദ്യംചെയ്യുന്നില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മഹാമാരി നമ്മളെ ആക്രമിക്കാന്‍ നില്‍ക്കുകയാണ്. സൗകര്യങ്ങളുളള, ആരോഗ്യ രംഗം മെച്ചപ്പെട്ട വികസിത രാഷ്ട്രങ്ങളില്‍ പോലും വ്യാപനം ഉണ്ടായപ്പോള്‍ സംഭവിച്ചത് നാം കണ്ടതാണ്. അവിടെ സംഭവിച്ചതിന്റെ ചെറിയൊരു ഭാഗം നമ്മുടെ നാട്ടില്‍ സംഭവിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് നാം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സുനാമി വന്നപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ഒരു പ്രക്ഷോഭത്തിലായിരുന്നുവെന്നും എന്നാല്‍ സുനാമി വന്നപ്പോള്‍ തന്നെ ആ പ്രക്ഷോഭങ്ങള്‍ ആകെ നാം നിര്‍ത്തിവച്ചു. എല്ലാ രീതിയിലും ഇടതുപക്ഷം സഹകരിക്കാന്‍ തയ്യാറായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com