ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടം: മുഖ്യമന്ത്രി
Top News

ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടം: മുഖ്യമന്ത്രി

ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം പ്രധാനപ്പെട്ടത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക എന്നാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇപ്പോള്‍ പ്രതിദിനം 400റില്‍ കൂടുകയാണ്. അതേപോലെ തന്നെ സമ്ബര്‍ക്ക രോഗികളുടെ എണ്ണവും കൂടുകയാണ്. കുറച്ചുപേരെങ്കിലും ഏതാണ് സ്രോതസ് എന്ന് അറിയാതെ വരികയാണ്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ്‌ ഇപ്പോള്‍ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂ. വളരെ കരുതലോടെ അത് ഒഴിവാക്കാനാണ് നാം കൂട്ടായി ശ്രമിക്കേണ്ടത്.' അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളിൽ നിന്ന് പകരാതിരിക്കാൻ മാസ്ക് സഹായിക്കുന്നു. കൊവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വന്നാൽ രോഗം പകരാൻ സാധ്യത കൂടും. രണ്ടാളുകളും മാസ്ക് ധരിച്ചാൽ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും എല്ലാവരും ധരിക്കണം. മാസ്ക് ധരിച്ചത് കൊണ്ട് എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തെ തകർക്കാൻ ശ്രമങ്ങളുണ്ടാവുന്നുണ്ട്. അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നും ചില കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടാക്കാതെ സമരം സംഘടിപ്പിച്ചു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തവും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവച്ച് പ്രതിരോധത്തിന് ഒന്നിച്ച് ഇറങ്ങിയ നാടാണിത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നതും നേതൃത്വം വഹിക്കുന്നതും കുറ്റകരമാണ്. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപന തോത് കുറയ്ക്കാൻ ഇതേ മാർഗ്ഗമുള്ളൂ എന്നത് കൊണ്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വൈറസ് ബാധിതരിൽ നല്ലൊരു ഭാഗം യാതൊരു ലക്ഷണവും കാണിക്കുന്നില്ല. ലക്ഷണം ഇല്ലാത്തവരിൽ പോസിറ്റീവാകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല. ചെറിയ അണുബാധ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവാണിത്. ലക്ഷണം ഇല്ലാത്തവരിൽ നിന്ന് രോഗം പകരാം. ഇങ്ങിനെ ബാധിക്കുന്നവരിൽ ഗുരുതര ലക്ഷണം കാണിക്കാം. കോവിഡ് സംസ്ഥാനത്ത് ആകെ പടർന്നുപിടിക്കുന്ന സാഹചര്യം ഉണ്ടായാൽ രോഗം പടർന്നുപിടിക്കുന്നതിന് ബുദ്ധിമുട്ടാകും. കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടർന്നു പിടിക്കുന്നത് തടയാനാണ് ശ്രമം. ഏറ്റവും ശാസ്ത്രീയമായ മാർഗങ്ങളും ഉചിതമായ ടെസ്റ്റിങ് രീതികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂർണ്ണ മനസോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത് . ഇതില്‍ വിദേശത്തുനിന്നും എത്തിയവര്‍ 167 പേരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും 76 പേര്‍. അതേസമയം സമ്ബര്‍ക്കരോഗികളുടെ എണ്ണം ഇന്ന് 234 ആണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയും സമ്ബര്‍ക്ക കേസുകളും ഉള്ളത് ഇന്നാണ്. അതേസമയം തിരുവനന്തപുരത്ത് 69 കേസുകളാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതില്‍ 46 എണ്ണവും സമ്ബര്‍ക്ക കേസുകളാണ്.

Anweshanam
www.anweshanam.com