സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വന്നേക്കാം: മുഖ്യമന്ത്രി
Top News

സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വന്നേക്കാം: മുഖ്യമന്ത്രി

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍ ഉണ്ടായിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല രീതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. സമൂഹ വ്യാപനത്തിന്റെ വക്കിലേക്ക് നാം വലിയ തോതില്‍ അടുക്കുന്നുവോയെന്ന് സംശയിക്കേണ്ട ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. സംസ്ഥാനത്താകെ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നാം നേരിടുന്നത്. ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് പരിശോധനാഫലം തെളിയിക്കുന്നത്. ആര്യനാടും സമാന സാഹചര്യം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം തലസ്ഥാന നഗരത്തില്‍ മാത്രമാണല്ലോ എന്നുകരുതി മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ ആശ്വാസം കൊള്ളേണ്ടതില്ല. സംസ്ഥാനത്തെ പല സ്ഥലത്തും സമാന സാഹചര്യമുണ്ട്. കൊച്ചി സമാനമായ വെല്ലുവിളി നേരിടുകയാണ്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്താകെ നിലനില്‍ക്കുന്നത്.

രോഗം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ട. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കെത്താന്‍ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്ബര്‍ക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. വലിയ ആള്‍ക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകള്‍ രോഗബാധിതരാണെങ്കില്‍ എല്ലാവരെയും അത് ബാധിക്കും.

അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നല്‍ നല്‍കണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കിയാല്‍ ചില പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്.

അതിന്റെ ഭാഗമായി സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി. ആള്‍ക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തില്‍ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. അതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com