'മുഖ്യമന്ത്രിയെ നീക്കാന്‍ നെറികേട് കാണിക്കുകയല്ല വേണ്ടത്'; പ്രതിപക്ഷത്തിന്‌ പിണറായിയുടെ മറുപടി
Top News

'മുഖ്യമന്ത്രിയെ നീക്കാന്‍ നെറികേട് കാണിക്കുകയല്ല വേണ്ടത്'; പ്രതിപക്ഷത്തിന്‌ പിണറായിയുടെ മറുപടി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം

By News Desk

Published on :

തിരുവനന്തപുരം: മുഖ്യമന്ത്രിയെ മാറ്റാന്‍ നെറികേടുകള്‍ കാണിക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ അതിനായി നെറികേടുകള്‍ കാട്ടരുത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.

സർക്കാർ എടുത്തു നടപടികളിലെ ശരിതെറ്റുകൾ ചൂണ്ടികാണിക്കാം. അത്​ ജനങ്ങളോട്​ വിശദീകരിക്കാം. അങ്ങനെ ശരിയായ രാഷ്​ട്രീയ മത്സരമാണ്​ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാവനയിൽ ഒരു കാര്യം കെട്ടി ചമച്ച്​, അതിലൂടെ ആരോപണങ്ങൾ ഉന്നയിച്ച്​ തന്നെ പുറത്താക്കാമെന്നും ആരും കരുതേണ്ടെന്നും അതിന്​ കീഴടങ്ങാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയില്ല. അതിനാലാണ് കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. ഏത് അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടതും കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമ​ഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഗൗരവതരമായ പ്രശ്നമാണ്. സ്വർണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി സംസ്ഥാനം ഏത് സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com