'എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്? അന്വേഷണം സ്പീഡിൽത്തന്നെ നീങ്ങുകയല്ലേ'; മുഖ്യമന്ത്രി
Top News

'എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്? അന്വേഷണം സ്പീഡിൽത്തന്നെ നീങ്ങുകയല്ലേ'; മുഖ്യമന്ത്രി

എന്‍.ഐ.എയുടെ അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെയാണ് കേസില്‍ പങ്കുള്ളതെന്നും കുറ്റവാളികളായിട്ടുള്ളതെന്നുമുള്ള കാര്യം പുറത്തുവരെട്ടെയെന്നും അദ്ദേഹം പറഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഫലപ്രദമായും കൃത്യമായ രീതിയിലും അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.ഐ.എയുടെ അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെയാണ് കേസില്‍ പങ്കുള്ളതെന്നും കുറ്റവാളികളായിട്ടുള്ളതെന്നുമുള്ള കാര്യം പുറത്തുവരെട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ആരും വേവലാതിപ്പെടേണ്ടതില്ലെന്നും നല്ല 'സ്പീഡില്‍' തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഓരോ ആരും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണ ഫലം വരുമോ? അങ്ങനെയാണെങ്കില്‍ പിന്നെ അന്വേഷണം വേണോ? അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏജന്‍സികളില്‍ ഒന്നാണ്. എന്‍.ഐ.എയുടെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി ആര് കുറ്റവാളിയായാലും അവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

തന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശനനടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായതായി കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകും. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാൻ വസ്തുതകൾ വേണം. അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com