കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കും; വെല്ലുവിളിച്ച് ബിജെപി
Top News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കും; വെല്ലുവിളിച്ച് ബിജെപി

ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ പറഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇനിയും സംസ്ഥാന വ്യാപകസമരം നടത്തും. വിഷയത്തിൽ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ മാനിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ വ്യാപകപ്രതിഷേധം. കോഴിക്കോട്ടെ യൂത്ത് ലീഗ് മാര്‍ച്ചിലും കണ്ണൂര്‍ പിണറായിയിലെ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കെ.എസ്.യുവും യുവമോര്‍ച്ചയും പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.

കോഴിക്കോട്ട് യൂത്ത് ലീഗ് കലക്ടറേറ്റിലേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രതിഷേധക്കാര്‍ േസംഘടിച്ച് തിരിച്ചെത്തിയതോടെ പൊലീസ് ലാത്തി വീശി. ലാത്തിയടിയില്‍ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. മലയാള മനോരമ ഫോട്ടോഗ്രഫര്‍ അബു ഹാഷിമിനും പരുക്കേറ്റു. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസും ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷധ മാര്‍ച്ച് നടത്തി. പിണറായിയിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.

ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കിന്‍റെ വസതിയിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കെ.എസ്.യുവും സംസ്ഥാനമെങ്ങും പ്രതിഷേധവുമായി രംഗത്തിറങ്ങി. കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പരയോഗിച്ചു. ചിന്നക്കടയിൽ ഡിസിസി പ്രസിഡൻ്റ് ബിന്ദു ക്യഷ്ണയുടെ നേത്യത്വത്തിൽ പൊന്നുരുക്കി സമരം സംഘടിപ്പിച്ചു.

സ്വര്‍ണക്കടത്ത് കേസ് മുഖ്യകണ്ണി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ സ്ഥാപനത്തിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സന്ദീപിന് സിപിഎം നേതാക്കളുമായാണ് സൗഹൃദമെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി. ജില്ലാ കേന്ദ്രങ്ങളിലും യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് കലക്ടറേറ്റില്‍ കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Anweshanam
www.anweshanam.com