ലാസ്റ്റ് സീന്‍ കാണാനില്ല; പരാതിയുമായി വാട്സാപ്പ് ഉപയോക്താക്കള്‍
Tech

ലാസ്റ്റ് സീന്‍ കാണാനില്ല; പരാതിയുമായി വാട്സാപ്പ് ഉപയോക്താക്കള്‍

ഉപയോക്താവ് മാറ്റാതെ തന്നെ സെറ്റിംഗ്സ് മാറിയതായാണ് പരാതി

News Desk

News Desk

ന്യൂഡൽഹി: വാട്സാപ്പില്‍ ഒരാൾ ഓൺലൈനിൽ ഉണ്ടോയെന്ന് അറിയുന്നതിനുള്ള മാർഗമാണ്, മുകളില്‍ പേരിന് താഴെ കാണുന്ന സ്റ്റാറ്റസ്. വാട്ട്സ്‌ആപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗാണിത്. എന്നാൽ ഇത് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായാണ് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഉയരുന്ന പരാതി.

ഒരാൾ എപ്പോള്‍ അവസാനമായി വാട്ട്സ്‌ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്നും ഓണ്‍ലൈനില്‍ സാന്നിധ്യം മനസിലാക്കാനും സൂചിപ്പിക്കുന്നതാണ് ലാസ്റ്റ് സീന്‍. ഉപയോക്താവിന്‍റെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ ദൃശ്യമാകുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഈ സെറ്റിംഗില്‍ മാറ്റം സംഭവിച്ചതായും ലാസ്റ്റ് സീന്‍ കാണാന്‍ സാധിക്കുന്നില്ലെന്നുമാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള പരാതി.

ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തില്‍ സെറ്റിംഗ്സ് ഓപ്ഷനിലെ അക്കൗണ്ട് ഓപ്ഷനില്‍ ലാസ്റ്റ് സീന്‍ എന്നിടത്ത് 'നോബഡി' എന്ന് സെലക്ട് ചെയ്തിരിക്കുന്നതായാണ് പലര്‍ക്കും കാണാന്‍ സാധിച്ചത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. പലരും മുന്‍പ് 'എവരിബഡി', ' മൈ കോണ്‍ടാക്റ്റ്' എന്നീ ഓപ്ഷനുകളാണ് സെലക്‌ട് ചെയ്തിരുന്നത് എന്ന് ഉറപ്പിച്ച്‌ പറയുന്നുണ്ട്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലുടെയുമൊക്കെ നിരവധിപ്പേർ വാട്സാപ്പിനെ ടാഗ് ചെയ്തുകൊണ്ട് ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വാട്സാപ്പ് നടത്തിയിട്ടില്ല.

Anweshanam
www.anweshanam.com