ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ ഒറാക്കിളിന്
Tech

ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ ഒറാക്കിളിന്

നടപടികള്‍ അന്തിമ ഘട്ടത്തില്‍.

News Desk

News Desk

വാഷിങ്ടണ്‍: ടിക് ടോകിന്റെ അമേരിക്കന്‍ സേവനങ്ങള്‍ സ്വന്തമാക്കാനുളള ഒറാക്കിളിന്റെ നിര്‍ദേശം യുഎസ് സര്‍ക്കാര്‍ സ്വീകരിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍ തിങ്കളാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പാനലായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

'കോഡ്, അമേരിക്കക്കാരുടെ ഡേറ്റ, ഫോണ്‍ എന്നിവ സുരക്ഷിതമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങളുടെ സാങ്കേതിക ടീമുകള്‍ക്കൊപ്പം ഒറാക്കിളുമായി അടുത്ത കുറച്ചുദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.' സ്റ്റീവന്‍ പറഞ്ഞു. നിര്‍ദേശം സമര്‍പ്പിച്ചതായി ഒറാക്കിളും സ്ഥിരീകരിച്ചു.

ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ തങ്ങള്‍ ഒരു നിര്‍ദേശം പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് സുരക്ഷയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പ്രസ്താവനയില്‍ ടിക് ടോക് അറിയിച്ചു.

യുഎസിലെ ആളുകളെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടിക് ടോക് പറഞ്ഞു. എന്നാല്‍ ഇടപാടുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല.

ടിക് ടോക്കിന്റെ യു.എസിലെ ഉടമസ്ഥാവകാശം ഏറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം ചൈനീസ് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് നിരസിച്ചിരുന്നു. മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

Anweshanam
www.anweshanam.com