ചൈനീസ് ആപ്പുകളുടെ നിരോധനം; കേന്ദ്രസർക്കാർ സമിതി പരിശോധിക്കും
Tech

ചൈനീസ് ആപ്പുകളുടെ നിരോധനം; കേന്ദ്രസർക്കാർ സമിതി പരിശോധിക്കും

48 മണിക്കൂറിനകം സമിതിക്ക്​ മുമ്പാകെ കമ്പനികൾ​ വിശദീകരണം നൽകണം

By News Desk

Published on :

രാജ്യത്ത് 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച സംഭവത്തിൽ​ കമ്പനികളുടെ പരാതി കേൾക്കാൻ കേന്ദ്രസർക്കാർ സമിതിക്ക് ​രൂപം നൽകി. 48 മണിക്കൂറിനകം സമിതിക്ക്​ മുമ്പാകെ കമ്പനികൾ​ വിശദീകരണം നൽകണം.

ബുധനാഴ്​ചയായിരിക്കും സമിതിയുടെ ആദ്യ യോഗം. ഇൗ യോഗത്തിൽ ആപ്പുകളുടെ സുരക്ഷയെ കുറിച്ചുള്ള വിശദമായ പരിശോധനയുണ്ടാകും. ടിക്​ ടോക്​, ബിഗോ ലൈവ്​, ലൈക്കി തുടങ്ങിയ ആപ്പുകളെല്ലാം സർക്കാർ സംവിധാനങ്ങളോട്​ സഹകരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ, സ്വകാര്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആപ്ലിക്കേഷനുകളുടെ ഉടമകളായ കമ്പനികള്‍ക്ക് കേസ് നടത്താം.

എന്നാല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് പുറത്തുവിട്ടിട്ടില്ല. ഇടക്കാല ഉത്തരവാണ് തിങ്കളാഴ്ച രാത്രി പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ക്ക് രേഖാമൂലമുള്ള വിശകലനം ആവശ്യമാണ്. ആപ്ലിക്കേഷനുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമത്തില്‍ നിര്‍വചിക്കപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് കേസ് നടത്താന്‍ അവസരം ലഭിക്കും.

നേരത്തെ രാജ്യത്തിൻെറ സുരക്ഷക്ക്​ ഭീഷണിയാവുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ 59 ചൈനീസ്​ ആപുകൾക്ക്​ കേന്ദ്രസർക്കാർ നിരോധമേർപ്പെടുത്തിയത്​. നിരോധനത്തെ തുടര്‍ന്ന് ടിക് ടോക്ക്, ഹെലോ ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

Anweshanam
www.anweshanam.com