ടെലഗ്രാമില്‍ സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ചാനലുകള്‍ക്ക് പൂട്ട്

പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്
ടെലഗ്രാമില്‍ സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ചാനലുകള്‍ക്ക് പൂട്ട്

ടെലഗ്രാം ആപ്പില്‍ വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ചാനലുകൾ എല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൈറസിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ടെലഗ്രാം അധികൃതർ. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. രണ്ട് ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്.

സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേടിയ ടെലഗ്രാമിൽ സിനിമകളും വെബ്‌സീരീസുകളും പങ്കുവയ്ക്കാൻ നിരവധി ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്. ഇത്തരം ചാനലുകളാണ് ഇപ്പോൾ പൂട്ടുന്നത്.

ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടന്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. പൈറേറ്റഡ് കണ്ടന്റുകൾ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പലതവണ ചാനലുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളിൽ അവ ടെലഗ്രാമിൽ തിരികെ എത്താറാണ് പതിവ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com