ടിക് ടോക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ ആപ്പ് 'മിത്രോണ്‍'; ഒരു കോടി ഡൌണ്‍ലോഡ് പിന്നിട്ടു
Tech

ടിക് ടോക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ ആപ്പ് 'മിത്രോണ്‍'; ഒരു കോടി ഡൌണ്‍ലോഡ് പിന്നിട്ടു

ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗണ്‍ലോഡ് നേട്ടം കൈവരിച്ചത്

Sreehari

ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് ഇന്ത്യന്‍ ബദല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട മിത്രോണ്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ഒരു കോടി ഡൌണ്‍ലോഡ് പിന്നിട്ടു. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗണ്‍ലോഡ് നേട്ടം കൈവരിച്ചത്. രാജ്യത്ത് ചൈന വിരുദ്ധ വികാരം ഉയര്‍ന്ന സാഹചര്യത്തിലാണ് മിത്രോണ്‍ ജനപ്രീതി നേടിയത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ രണ്ട് ആഴ്ചത്തെ ഡൌണ്‍ലോഡുകളുടെ എണ്ണം വച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയില്‍ ടിക്ടോക്കിനെയും ഇന്‍സ്റ്റഗ്രാമിനും മുകളിലാണ് മിത്രോണ്‍ ആപ്പിന്‍റെ സ്ഥാനം എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

"മിത്രോണ്‍ ആപ്പിനെ അതിവേഗം ഇന്ത്യ ഇഷ്ടപ്പെടുന്നു എന്നതില്‍ ആവേശമുണ്ട്. ഈ ആപ്പിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി"- മിത്രോണ്‍ ആപ്പ് സ്ഥാപകന്‍ ശിവാങ്ക് അഗര്‍വാള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

'വോക്കല്‍ ഫോര്‍ ലോക്കല്‍' അഥവ സദ്ദേശീയ ആപ്പുകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനുള്ള ഇന്ത്യക്കാരുടെ ശ്രമം ആണ് ആപ്പിനെ വിജയിപ്പിക്കുന്നത് എന്നും അഗര്‍വാള്‍ പത്രകുറിപ്പില്‍ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷം മിത്രോണ്‍ പലരെയും ആകര്‍ഷിച്ചു തുടങ്ങി.

ടിക്ടോക്കിനെതിരെ ആരംഭിച്ച വന്‍ ക്യാംപെയിന്‍റെ ഭാഗമായാണ് മിത്രോണ്‍ ആപ്പ് ശ്രദ്ധേയമായത്. 5-ല്‍ 4.5 എന്ന ശരാശരി റേറ്റിംഗുള്ള മിട്രോണിന് നിലവില്‍ കാര്യങ്ങളെല്ലാം അനുകൂലമാണ്.

അടുത്തിടെ ഈ ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ അധികം വൈകാതെ ആപ്പ് തിരിച്ചെത്തി. ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് മുന്‍പ് ഒരു പാക്കിസ്ഥാന്‍ ഡെവലപ്പറില്‍ നിന്ന് വാങ്ങിയതാണെന്ന ആരോപണവും ഈ ആപ്പിനെതിരെ ഉണ്ടായിരുന്നു.

Anweshanam
www.anweshanam.com