ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ യുഗത്തിന് അവസാനം
Tech

ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ യുഗത്തിന് അവസാനം

ഇന്റർനെറ്റ് എക്സ്‌പ്ലോറർ 11 ഉം അതിന് അനുബന്ധമായ 365 ആപ്പുകള്‍ക്കുമുള്ള സപ്പോര്‍ട്ട് ഓഗസ്റ്റ് 17, 2021ല്‍ അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിക്കുന്നത്

News Desk

News Desk

ഇന്റർനെറ്റ് എക്സ്‌പ്ലോറർ യുഗം അവസാനിക്കുന്നു. തങ്ങളുടെ ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന് നല്‍കുന്ന സപ്പോര്‍ട്ട് അടുത്തവര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോറർ 11 ഉം അതിന് അനുബന്ധമായ 365 ആപ്പുകള്‍ക്കുമുള്ള സപ്പോര്‍ട്ട് ഓഗസ്റ്റ് 17, 2021ല്‍ അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിക്കുന്നത്.

സാങ്കേതിക പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നതോടെ ചിലപ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസില്‍ നിന്ന് അപ്രത്യക്ഷമാവുകയോ അല്ലെങ്കില്‍ അതിന് പ്രാധാന്യം കുറച്ച് മാറ്റി നിര്‍ത്തുകയോ ചെയ്‌തേക്കാം.

മൈക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ കൂടെയാണ്‌ ഐഇ പുറത്തിറക്കിയത്. ഇത് ആദ്യം എത്തിയത് 1995 ഓഗസ്റ്റിലാണ്. 2002-2003 കാലയളവിൽ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ്‌.

വിൻഡോസ് 95നു വേണ്ടി ആദ്യ പതിപ്പു ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്സ്,എച്ച്.പി-യു.എക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു വേണ്ടിയും പ്രത്യേക പതിപ്പുകൾ ഇറങ്ങി. ഇതിൽ ചില പതിപ്പുകൾ ഇപ്പോൾ നിലവിലില്ല.

അതേസമയം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ഇപ്പോഴും ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ അടിസ്ഥാനമാക്കി അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോററിനെ പോലെ തന്നെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൈക്രോസോഫ്റ്റ് ലഭ്യമായിക്കിയിരുന്ന വെബ് ബ്രൗസറാണ് ലഗസി മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ സേവനവും കമ്പനി അവസാനിപ്പിക്കുകയാണ്.

Anweshanam
www.anweshanam.com