അമേരിക്കയുടെ ചൊവ്വ ദൗത്യം; പെര്‍സെവെറന്‍സ് പറന്നുയര്‍ന്നു; വിക്ഷേപണം ഫ്ലോറിഡയില്‍ നിന്ന്

ഫ്‌ലോറിഡിയില്‍ നിന്നും ഇന്ത്യന്‍ സമയം വൈകുന്നേരം 5.21ഓടെയാണ് പെര്‍സെവെറന്‍സ് വിക്ഷേപിച്ചത്
അമേരിക്കയുടെ ചൊവ്വ ദൗത്യം; പെര്‍സെവെറന്‍സ് പറന്നുയര്‍ന്നു; വിക്ഷേപണം ഫ്ലോറിഡയില്‍ നിന്ന്
NASA/Joel Kowsky

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചൊവ്വ പര്യവേഷണ വാഹനമായ പെര്‍സെവെറന്‍സിന്റെ വിക്ഷേപണം വിജയകരം. നാസയുടെ അറ്റ്‌ലസ് വി 541 റോക്കറ്റാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. ഫ്‌ലോറിഡിയില്‍ നിന്നും ഇന്ത്യന്‍ സമയം വൈകുന്നേരം 5.21ഓടെയാണ് പെര്‍സെവെറന്‍സ് വിക്ഷേപിച്ചത്.

പേടകം അടുത്ത വര്‍ഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ആദ്യം യു.എ.ഇയും പിന്നാലെ ചൈനയും ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി പേടകങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഏഴ് മാസങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 2021 മാര്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് '2020 മാര്‍സ് റോവര്‍'. ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ പേടകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ചൊവ്വയില്‍ പല പരീക്ഷണങ്ങളും 'മാര്‍സ് 2020' നടത്തും. 23 ക്യാമറകളാണ് മാര്‍സ് റോവറിനുള്ളത്.

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍സെവെറന്‍സിലൊരുക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2031ല്‍ ചൊവ്വയിലേക്കുള്ള പ്രധാനപ്പെട്ട ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെര്‍സെവെറന്‍സ് പുറപ്പെട്ടിരിക്കുന്നത്. ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്ന പെര്‍സെവെറന്‍സിന് കൂടുതല്‍ മേഖലകളെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് നാസയുടെ വിലയിരുത്തല്‍.

2004ല്‍ ചൊവ്വയിലിറങ്ങിയ സ്പിരിറ്റ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റി വെള്ളം ഒഴുകിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. സ്പിരിറ്റ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റിയുടെ കണ്ടെത്തല്‍ നിര്‍ണായകമായതിന് പിന്നാലെ 2012ല്‍ ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഒരു തടാകമായിരുന്നു ചൊവ്വയെന്നും സൂക്ഷ്മ ജീവികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും കണ്ടെത്തി. നിര്‍ണായകമായ ഈ കണ്ടെത്തലിന് ശേഷമാണ് നാസ മാര്‍സിനെ അയക്കുന്നത്.

Related Stories

Anweshanam
www.anweshanam.com