2,500 രൂപയ്ക്ക് 5ജി ഫോണ്‍ നല്‍കാന്‍ ജിയോ

35 കോടിയോളം വരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം
2,500 രൂപയ്ക്ക് 5ജി ഫോണ്‍ നല്‍കാന്‍ ജിയോ

ന്യൂഡല്‍ഹി: 2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വിലകുറയ്ക്കുമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവില്‍ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. നേരത്തെ, 1,500 രൂപ തിരിച്ചുനല്‍കുന്ന ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോണുകള്‍ ജിയോ വിപണിയിലിറക്കിയിരുന്നു.

ഇന്ത്യയെ '2ജി വിമുക്ത്' രാജ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 5ജി നെറ്റ് വര്‍ക്കിനുള്ള ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനുള്ള പരീക്ഷണത്തിനായി സ്‌പെക്ട്രം അനുവദിക്കാന്‍ ടെലികോം കുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ ഉപകരണങ്ങള്‍ കയറ്റുമതിചെയ്യുകയാണ് ലക്ഷ്യം.

Related Stories

Anweshanam
www.anweshanam.com