അക്കൗണ്ട് ഹാക്കിങ്​; ട്വിറ്ററിന്​ നോട്ടീസ്​ അയച്ച്​ കേന്ദ്ര സർക്കാർ

ഇന്ത്യയുടെ സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ സിഇആര്‍ടിയാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്
അക്കൗണ്ട് ഹാക്കിങ്​; ട്വിറ്ററിന്​ നോട്ടീസ്​ അയച്ച്​ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യു.​എ​സി​ൽ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ ഹാ​ക്കി​ങ്​ വ​ഴി ന​ട​ന്ന ബി​റ്റ്​​കോ​യി​ൻ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ ഇന്ത്യൻ സർക്കാർ ട്വിറ്റർ ഇന്ത്യക്ക്​​ നോട്ടീസ്​ അയച്ചു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന്​ കേന്ദ്രം ആവശ്യപ്പെട്ടതായി പി.ടി.​ഐ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു​. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ സിഇആര്‍ടിയാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായ പ്രൊഫൈലുകള്‍ ഏതൊക്കെയാണെന്നും, അവയുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ട്വിറ്ററിന് അയച്ച നോട്ടീസില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലും ലിങ്കുകളും സന്ദര്‍ശിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം നല്‍കണമെന്നും, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത വിവരം ഉടമകളെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കണം എന്നും ട്വിറ്ററിന് നിര്‍ദ്ദേശമുണ്ട്.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കാര്‍മാര്‍ സ്വീകരിച്ച രീതി ഏതാണെന്നും, ഏതെല്ലാം വിവരങ്ങളാണ് ചോര്‍ത്താന്‍ ശ്രമിച്ചതെന്നുമുള്ള വിവരങ്ങള്‍ അറിയിക്കാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഹാക്കിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് തടയാനും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനും ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശതകോടീശ്വരൻമാരായ ഇലോൺ മസ്​ക്​, ജെഫ്​ ബെസോസ്​, ബിൽ ഗേറ്റ്​സ്​, അമേരിക്കൻ മുൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ, വൈസ്​ പ്രസിഡൻറ്​ ജോ ബൈഡൻ തുടങ്ങിയവരുടെ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളായിരുന്നു ബിറ്റ്​കോയിൻ മാഫിയ ഹാക്ക്​ ചെയ്​തത്​. ഉബർ, ആപ്പിൾ അക്കൗണ്ടുകളും ഹാക്ക്​ ചെയ്യപ്പെട്ടവയിൽ പെടും.

ക്രി​പ്​റ്റോ കറൻസിയായ ബിറ്റ്​കോയിൻ 1000 ഡോളറി​േൻറതിന്​ തുല്യമായത്​ അയച്ചാൽ തിരികെ 2000 ഡോളർ നൽകുമെന്നാണ്​ പ്രമുഖരുടെയെല്ലാം ട്വീറ്റുകളിലൂടെ വ്യക്​തമാക്കിയത്​. ആഭ്യന്തര സംവിധാനങ്ങളിലും ഉപകരണങ്ങളിലും നുഴഞ്ഞുകയറിയാണ്​ ബിറ്റ്​കോയിൻ മാഫിയ ഹാക്കിങ്​ നടത്തിയതെന്ന്​ ട്വിറ്റർ അറിയിച്ചിരുന്നു.

നിലവില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com