യൂട്യൂബും ജിമെയിലും പണിമുടക്കി; ഗൂഗിള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടു

സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം
യൂട്യൂബും ജിമെയിലും പണിമുടക്കി;  ഗൂഗിള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടു

യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ പണി മുടക്കി. ഡൌണ്‍ ഡിറ്റക്ടര്‍ തകരാറ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം.

നിരവധി പരാതികളാണ് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #yotubedown എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ തരംഗമായി മാറികഴിഞ്ഞു. നിലവില്‍ ഗൂഗിള്‍ മുഴുവന്‍ സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡൗണ്‍ ഡിറ്റക്ടര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ഹാംഗൗട്ട്, ഗൂഗിള്‍ ഡ്യുവോ, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ഗൂഗിളിന്റെ ഒട്ടുമിക്ക സേവനങ്ങളും പല ഉപയോക്താക്കള്‍ക്കും ലഭിക്കുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, അമേരിക്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂട്യൂബില്‍ വീഡിയോ കാണാന്‍ പറ്റുന്നില്ല എന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. ഒപ്പം ലോഗിന്‍ പ്രശ്നവും ഉണ്ട്. ഗൂഗിള്‍ ഡ്രൈവ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രശ്നം. ഗൂഗിള്‍ സെര്‍ച്ചിനും പ്രശ്നം നേരിട്ടു എന്ന റിപ്പോര്‍ട്ടുണ്ട്. ജിമെയിലിലും ലോഗിന്‍ പ്രശ്നം ഉണ്ടെന്നാണ് പ്രശ്നം നേരിട്ടവര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com