റിലയന്‍സ് ജിയോയില്‍ 30,000 കോടിയുടെ നിക്ഷേപം നടത്താന്‍ ഗൂഗിള്‍
Tech

റിലയന്‍സ് ജിയോയില്‍ 30,000 കോടിയുടെ നിക്ഷേപം നടത്താന്‍ ഗൂഗിള്‍

ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്

News Desk

News Desk

റിലയന്‍സ് ജിയോ പ്ലാറ്റ് ഫോമില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ ബിസിനസുകള്‍ നടത്തുന്ന ജിയോ പ്ലാറ്റ്ഫോമില്‍ 4 ബില്യണ്‍ ഡോളര്‍ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്.

സ്മാര്‍ട് ഫോണ്‍ ചിപ്പ് മേക്കര്‍ ക്വാല്‍കോം 730 കോടി രൂപ ആണ് ജിയോയില്‍ നിക്ഷേപിച്ചത്. ഇതോടെ 25.24 ശതമാനം ഓഹരികള്‍ വിറ്റ് മൊത്തം 1,18,318.45 കോടി രൂപ ജിയോ സമാഹരിച്ചു. ജിയോ പ്ലാറ്റ്ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ട്രില്യണ്‍ രൂപയായും എന്റര്‍പ്രൈസ് മൂല്യം 5.16 ട്രില്യണ്‍ രൂപയായും ഉയര്‍ന്നു. ഗൂഗിളിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലയന്‍സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക്, സില്‍വല്‍ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റല്‍ ക്യാപിറ്റല്‍, കാല്‍കോം എന്നിവയാണ് നിക്ഷേപവുമായെത്തിയ കമ്ബനികള്‍. ജിയോയിലെ ഇവയുടെ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്ബനിയാക്കാന്‍ സഹായിക്കുകയും ചെയ്തു.

Anweshanam
www.anweshanam.com