വിദ്വേഷ പോസ്റ്റുകള്‍; ബിജെപിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി ഫേസ്ബുക്ക്
Tech

വിദ്വേഷ പോസ്റ്റുകള്‍; ബിജെപിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി ഫേസ്ബുക്ക്

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

News Desk

News Desk

ന്യൂയോര്‍ക്ക്: വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

അപകടകരമായ വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. ബിജെപി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ബിജെപിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താല്‍പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അന്‍കി ദാസ് ജീവനക്കാരെ അറിയിച്ചത്. സര്‍ക്കാരുമായി ഫേസ്ബുക്കിനു വേണ്ട ഇടപാടുകള്‍ നടത്തുന്നത് ഇദ്ദേഹമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ തെലുങ്കാനയിലെ ബിജെപി നേതാവായ ടി. രാജസിംഗിന്റെ പോസ്റ്റ് ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിംഗ്യാ മുസ്ലിംങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമായരുന്നു ടി. രാജ സിംഗിന്റെ പോസ്റ്റ്.

ഇത്തരമൊരു പോസ്റ്റ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനു പോലും കാരണമാവുമെന്നും ഫേസ്ബുക്കിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷവും ഇദ്ദേഹം ഫേസ്ബുക്കില്‍ സജീവമായി തുടരുകയാണ്.

Anweshanam
www.anweshanam.com