നയങ്ങള്‍ പക്ഷപാതപരമല്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ
Tech

നയങ്ങള്‍ പക്ഷപാതപരമല്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ

തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അജിത് മോഹന്‍.

News Desk

News Desk

ന്യൂ ഡല്‍ഹി: ബിജെപിയോട് പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ. തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഫേസ്ബുക്ക് ഇന്ത്യ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ ആളുകള്‍ക്ക് സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു തുറന്ന സുതാര്യവും പക്ഷപാതപരവുമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞങ്ങളുടെ നയങ്ങള്‍ പക്ഷ പാതപരമാണെന്ന ആരോപണം നേരിടുന്നുണ്ട്. ആരോപണം ഞങ്ങള്‍ ഗൗരവമായി തന്നെ എടുക്കുന്നു. ഏത് തരത്തിലുള്ള വര്‍ഗീയതെയയും വിദ്വേഷത്തെയും ഞങ്ങള്‍ അപലപിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞത്.

ഒപ്പം ഒരാളുടെയും രാഷ്ട്രീയ സ്ഥാനത്തിന് അതീതമായമാണ് ആഗോള തലത്തില്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുന്നതെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റുകള്‍ ഇട്ടവരെ വിലക്കുന്നത് തുടരുമെന്നും ഫേസ്ബുക്ക് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ സജീവമാണ്. ബിജെപി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

Anweshanam
www.anweshanam.com