ഇന്ത്യയുടെ നടപടി വിവേചനപരം; ആപ്പുകൾ നിരോധിച്ച ഇന്ത്യക്കെതിരെ ചൈന

ആപ്പിലൂടെ ഉപജീവനമാർഗം കണ്ടെത്തിയ നിരവധി ഇന്ത്യൻ ഉപഭോക്താക്കളെ കൂടിയാണ് നിരോധനം ബാധിക്കുകയെന്ന് ചൈനീസ് എംബസി വക്താവ്
ഇന്ത്യയുടെ നടപടി വിവേചനപരം; ആപ്പുകൾ നിരോധിച്ച ഇന്ത്യക്കെതിരെ ചൈന

ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിക്കെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ നടപടി വിവേചനപരമാണെന്നും സുതാര്യമായ പ്രവർത്തനത്തിനെതിരാണെന്നും ഡബ്ല്യുഡിഒ നിയമങ്ങൾക്കെതിരാണെന്നുമാണ് ചൈനീസ് എംബസി വക്താവ് ജി റോങ്ങ് പറയുന്നത്.

ടിക്ക് ടോക്ക്, വീ ചാറ്റ്, യുസി ബ്രൗസർ തുടങ്ങി 52 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ ആപ്പുകൾക്ക് നിരവധി ഉപഭോക്താക്കളുണ്ടായിരുന്നുവെന്നും ആപ്പിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ സ്വദേശികളെ മാത്രമല്ല, മറിച്ച് ആപ്പിലൂടെ ഉപജീവനമാർഗം കണ്ടെത്തിയ നിരവധി ഇന്ത്യൻ ഉപഭോക്താക്കളെ കൂടിയാണ് നിരോധനം ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ രാത്രിയാണ് ടിക്ക് ടോക്ക് അടക്കമുള്ള 52 ആപ്പുകൾ ഇന്ത്യ നിരോധിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 52 ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശ സർക്കാരിന് കൈമാറിയിട്ടില്ലെന്ന് ടിക്ക് ടോക്ക് ഇന്ത്യ വ്യക്തമാക്കുന്നു. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വ്യക്തമാക്കിയാൽ അതനുസരിച്ച് ചെയ്യുമെന്നും ആപ്പ് അധികൃതർ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് ടിക്ക് ടോക്ക് പ്രാധാന്യം നൽകുന്നതെന്നും ആപ്പ് പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com