ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കും

കോവിഡ് പശ്ചാത്തലത്തിൽ ഡേറ്റ ഉപയോഗവും മൊബൈൽ കോളും വർധിച്ചു.
ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കും

ന്യൂ ഡല്‍ഹി: രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് ഭാരതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഗോപാൽ വിത്തൽ. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികൾക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കിൽ മൊബൈൽ കോൾ, ഡേറ്റ നിരക്കുകൾ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാൽ വിത്തൽ പറഞ്ഞത്.

നിരക്കു വർധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിൽ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്ന് ഗോപാൽ വിത്തൽ വ്യക്തമാക്കി. വോഡഫോൺ–ഐഡിയ, എയർടെൽ കമ്പനികൾ ഏതാനും മാസം മുൻപും നിരക്കു വർധനയെന്ന ആവശ്യമുയർത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 3 കമ്പനികളും 25–39% വരെ നിരക്കു വർധിപ്പിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഡേറ്റ ഉപയോഗവും മൊബൈൽ കോളുംവർധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട്. എന്നാൽ റിലയൻസ് ജിയോ തൽക്കാലം വർധന വേണ്ടെന്ന നിലപാടിലാണ്.

Related Stories

Anweshanam
www.anweshanam.com