ബ്രസീലിനും അർജൻറീനക്കും ജയം; നാല് ജയവുമായി ബ്രസീൽ മുന്നിൽ

10 പോയൻറുമായി അർജൻറീന രണ്ടാം സ്​ഥാനത്താണ്​
ബ്രസീലിനും അർജൻറീനക്കും ജയം; നാല് ജയവുമായി ബ്രസീൽ മുന്നിൽ

മോണ്ടെവിഡിയോ: ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജൻറീനക്കും ജയം. ബുധനാഴ്​ച പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീൽ യുറുഗ്വായ്​യെയും അർജൻറീനയും ​ പെറുവിനെയും തോൽപ്പിച്ചു. 2-0ത്തിനായിരുന്നു രണ്ട് വമ്പന്മാരുടെയും വിജയം.

ഇതോടെ നാല്​ മത്സരങ്ങളിൽ നാലും ജയിച്ച ബ്രസീൽ (12 പോയൻറ്​) പോയൻറ്​ പട്ടികയിൽ ഒന്നാം സ്​ഥാനം അരക്കിട്ടുറപ്പിച്ചു. 10 പോയൻറുമായി അർജൻറീന രണ്ടാം സ്​ഥാനത്താണ്​. ഇനി നാല് മാസത്തിന് ശേഷം മാർച്ച്​ 25 നാണ് ബ്രസീലിന് യോഗ്യത മത്സരം ഉള്ളത്.​

ആർതറും റിച്ചാർലിസണുമാണ്​ ബ്രസീലിനായി വലചലിപ്പിച്ചത്​. ഇരു ടീമുകളിലും രണ്ട്​ സൂപ്പർതാരങ്ങളുടെ അഭാവമുണ്ടായിരുന്നു. പരിക്കേറ്റ സൂപ്പർതാരം നെയ്​മറില്ലാതെ ബ്രസീലും കോവിഡ്​ ബാധിതനായ ലൂയി സുവാരസില്ലാതെ യുറുഗ്വായ്​യും കളത്തിലിറങ്ങിയത്​.

ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. രണ്ടാം പകുതിയിൽ സൂപ്പർ താരം എഡിൻസൺ കവാനി ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതും യുറുഗ്വായ്ക്ക്​ നിരാശയായി. രണ്ടാം പകുതിയിൽ ഗോളുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിലും എതിരാളികളെ പിടിച്ചുകെട്ടാൻ ബ്രസീലിനായി.

നികോളസ്​ ഗോൺസാലസും ലോതറോ മാർടിനസും നേടിയ ഗോളുകളുടെ മികവിലാണ്​ അർജൻറീന 2-0ത്തിന്​ പെറുവിനെ തോൽപിച്ചത്. 2004ന്​ ശേഷം അർജൻറീന ആദ്യമായാണ്​ പെറുവിൽ വിജയിക്കുന്നത്​. നാല്​ മത്സരങ്ങളിൽ നിന്ന്​ മൂന്ന്​ ജയവും ഒരു സമനിലയുമായി ബ്രസീലിന്​ പിന്നിൽ രണ്ടാം സ്​ഥാനത്താണ്​ അർജൻറീന. അവസാനം കളിച്ച മൂന്ന്​ മത്സരങ്ങളിൽ മെസ്സിക്ക്​ സ്​കോർ ചെയ്യാനായില്ല.

Related Stories

Anweshanam
www.anweshanam.com